Kerala

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: സിപിഎമ്മിനെതിരേ ചെന്നിത്തല; എംഎല്‍എയുടെ പങ്ക് അന്വേഷിക്കണം

നിലവിലെ പോലിസ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. കൊലപാതകത്തിന്റെ രീതിയും സാഹചര്യവും പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാണ്. ഇത് അന്വേഷിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: സിപിഎമ്മിനെതിരേ ചെന്നിത്തല; എംഎല്‍എയുടെ പങ്ക് അന്വേഷിക്കണം
X

തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ രണ്ടു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനില്‍ കേസ് ഒതുക്കാനാണ് പോലിസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ചെന്നിത്തല അറിയിച്ചു. കേസില്‍ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തും. നിലവിലെ പോലിസ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. കൊലപാതകത്തിന്റെ രീതിയും സാഹചര്യവും പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാണ്. ഇത് അന്വേഷിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. കൈയ്ക്ക് വെട്ടേറ്റ് ഇരുമ്പ് കമ്പി ഇട്ട പീതാംബരന് സ്വന്തം കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയില്ലെന്നാണ് ഭാര്യ പറയുന്നത്. അങ്ങനെ ഒരാള്‍ക്ക് എങ്ങനെയാണ് ഒരാളെ വെട്ടിവീഴ്ത്താന്‍ കഴിയുകയെന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്തെ പോലിസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. തെളിവെടുപ്പില്‍ കണ്ടെത്തിയ ആയുധങ്ങളുടെ കാര്യത്തില്‍ സംശയമുണ്ട്. തുരുമ്പെടുത്ത പിടിയില്ലാത്ത വാളും പാരയും കണ്ടെത്തി കേസ് അവിടെ അവസാനിപ്പിക്കാനാണ് ശ്രമം. കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ട്. ഇത് അന്വേഷിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. എംഎല്‍എയുടെ പ്രേരണയിലാണ് കൊല നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞിട്ടും കേസ് പീതാംബരനില്‍ മാത്രം ഒതുക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പീതാംബരന്റെ വീട്ടിലെത്തിയ എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടു. പോലിസുകാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാരോപദേശങ്ങള്‍ ചെകുത്താന്‍ വേദമോതുന്ന പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു.

Next Story

RELATED STORIES

Share it