Kerala

കളമശ്ശേരി അപകടം: കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നുവെന്ന് പോലിസ്

അപകടത്തിൽപെട്ട വാഹനമോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്.

കളമശ്ശേരി അപകടം: കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നുവെന്ന് പോലിസ്
X

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ ഇടിച്ച് ഉണ്ടായ കാര്‍ അപകടത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തിൽ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണമുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

നവംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അപകടത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും മൻഫിയയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അപകടശേഷം കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായുള്ള റിപോര്‍ട്ടുകള്‍ വന്നത്. ഇത് കൂടുതൽ ആശങ്ക ഉയര്‍ത്തുന്നു. അപകടമുണ്ടായതിന്റെ വിവരങ്ങള്‍ ഇയാളാണ് അറിയിച്ചതെന്നും എന്നാൽ, അതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നത്.

അപകടത്തിൽപെട്ട വാഹനമോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും വീണ്ടും ചോദ്യംചെയ്യുമെന്നാണ് റിപോര്‍ട്ട്. തന്റെ ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകീട്ട് മൻഫിയ വീട്ടിൽ നിന്നു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, പിറന്നാൾ ആഘോഷത്തിന്റെ കാര്യം സൽമാനുലോ ജിബിനോ പറഞ്ഞിട്ടില്ലെന്നത് ദുരൂഹത ഉയർത്തുന്നു.

Next Story

RELATED STORIES

Share it