Kerala

കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര, കള്ളപ്പണ ഇടപാട്; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍ എംപി

കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര, കള്ളപ്പണ ഇടപാട്; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍ എംപി
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ഉയര്‍ന്നുവന്ന കള്ളപ്പണ കേസിനെക്കുറിച്ചും സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ മുരളീധരന്‍ എംപി. കെ സുരേന്ദ്രന്‍ പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരും. ഓരോ സ്ഥാനാര്‍ഥിക്കും 30 ലക്ഷം രൂപയാണ് ചെലവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്.

കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്റ്റര്‍ വാടക കാണിച്ചിട്ടുണ്ടോ എന്നത് അറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണ്. അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിലെത്തി നില്‍ക്കുന്നു. സി കെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. ഓരോ ബിജെപി സ്ഥാനാര്‍ഥിക്കും മൂന്നുകോടി വരെ കേന്ദ്രം നല്‍കിയെന്നും പലരും വെളിപ്പെടുത്തിയിട്ടുണ്ട്. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയിലെത്തും.

ഒരാളും രക്ഷപ്പെടാത്ത രീതിയിലുള്ള ഒരു അന്വേഷണം നടത്താനുള്ള ഗട്‌സ് മുഖ്യമന്ത്രി കാണിക്കുമോ. മുഖ്യമന്ത്രി അതിന് തയ്യാറായാല്‍ എല്ലാ ജനാധിപത്യവിശ്വാസികളും പിന്തുണയ്ക്കും. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ഹൈക്കോടതിയില്‍നിന്നോ സുപ്രിംകോടതിയില്‍നിന്നോ വിരമിച്ച ജഡ്ജി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കേന്ദ്രം സംസ്ഥാനത്തിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്.

അതിനാല്‍, ചിലപ്പോള്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്തുവിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്ന മോദിയുടെയും അമിഷ് ഷായുടെയും ലക്ഷ്യം. കൊവിഡ് തടയുന്നതില്‍ സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയത്. മൂന്നുകോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്രനേതൃത്വം തന്നെയാണ്. അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it