Kerala

കെ മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞു; നേമത്ത് കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം

കെ മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞു; നേമത്ത് കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ നേമത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മൂന്നോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. നേമം വെള്ളായണി സ്റ്റുഡിയോ റോഡില്‍ വച്ചാണ് കെ മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണമുണ്ടായത്.

യുഡിഎഫ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ വന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇതെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷജീറിന് പരിക്കേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു. മുരളീധരന് പരിക്കേറ്റിട്ടില്ല.

ബിജെപിയുടെ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പോലിസ് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശുകയായിരുന്നു. ഇതെത്തുടര്‍ന്ന് പോലിസിന് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പോലിസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

കൂടുതല്‍ പോലിസുകാരെ സംഘര്‍ഷസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലിസിന് പരാതി നല്‍കുമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, നേമത്ത് കോണ്‍ഗ്രസുകാര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് നാട്ടുകാര്‍ തടയുകയാണുണ്ടായതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് പ്രതികരിച്ചത്. സ്ഥാനാര്‍ഥി കെ മുരളീധരന്റെ സാന്നിധ്യത്തിലാണ് പണം നല്‍കിയത്. ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സുരേഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it