കെ എം ബഷീറിന്റെ മരണം: കാറോടിച്ചത് വഫ, മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം; സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍

മദ്യപിച്ച് വാഹനമോടിച്ച് ബോധപൂര്‍വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി, സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കെ എം ബഷീറിന്റെ മരണം: കാറോടിച്ചത് വഫ, മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം; സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് എഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് സുഹൃത്തായ വഫയാണെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ച് ബോധപൂര്‍വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി, സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം അഭ്യര്‍ഥിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ ക്കുറിപ്പ് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.

ആഗസ്ത് 3ന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനമോടിച്ചിരുന്നത്. മനപ്പൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടമുണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

മാത്രമല്ല, വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍നിന്ന് നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാവണമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുളളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈമാസം നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളുകയായിരുന്നു. പോലിസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ 60 ദിവസംകൂടി നീട്ടാന്‍ സമിതി തീരുമാനിച്ചു. അതേസമയം, എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ചില ഫോറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സംഘം പറയുന്നത്.

RELATED STORIES

Share it
Top