Kerala

കൊവിഡ് മൂന്നാംഘട്ടം അപകടകരം; വാക്‌സിന്‍ പരീക്ഷണം തുടങ്ങി, മരണം ഒഴിവാക്കുക ലക്ഷ്യമെന്നും ആരോഗ്യമന്ത്രി

ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിനാവില്ല. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാവൂ

കൊവിഡ് മൂന്നാംഘട്ടം അപകടകരം; വാക്‌സിന്‍ പരീക്ഷണം തുടങ്ങി, മരണം ഒഴിവാക്കുക ലക്ഷ്യമെന്നും ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ മൂന്നാംഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിനാവില്ല. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാവൂ എന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കൊവിഡിനെതിരേയുള്ള ഒന്നാംഘട്ടത്തില്‍ കേരളം പൂര്‍ണമായി വിജയിച്ചു. അന്ന് ചൈനയില്‍നിന്ന് മാത്രമാണ് മൂന്ന് കേസുകള്‍ വന്നത്. ആദ്യ ഘട്ടത്തിനേക്കാള്‍ വൈറസ് ലോഡുണ്ടായിരുന്നു രണ്ടാംഘട്ടത്തിന്.

വൈറസ് ബാധിതരായ ആളുകളുടെ എണ്ണവും കൂടുതലായിരുന്നു. ആദ്യഘട്ടത്തില്‍ എല്ലാവരും ക്വാറന്റൈന്‍ അനുസരിച്ചില്ല. പോലിസ്, മാധ്യമം എന്നിവരുടെ ബോധവത്കരണം ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ തുടങ്ങി വിവിധ സംഘടനകളുടെയും മറ്റും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് പതിനായിരങ്ങളിലേക്ക് പടരുന്നതില്‍നിന്ന് അന്ന് തടയാനായത്. 514 കേസുകളായി ഒതുക്കാനും നമുക്ക് കഴിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലേറെയാളുകള്‍ പല രാജ്യങ്ങളില്‍നിന്ന് നമ്മുടെ നാട്ടില്‍ ഈ സമയത്ത് എത്തിയിട്ടുണ്ട്. ആ സമയത്ത് ഇന്ത്യക്ക് അകത്തുനിന്ന് അധികം വന്നിരുന്നില്ല. കോണ്‍ടാക്റ്റ് ട്രേസ് ചെയ്യലായിരുന്നു ഏറ്റവും ദുര്‍ഘടം പിടിച്ചത്. ഒരു കൂട്ടമാളുകളുടെ രാപകലില്ലാത്ത അധ്വാനമാണ് ഇതിനെല്ലാം പിന്നില്‍. ഇതിനു പിന്നിലെ മനുഷ്യാധ്വാനം ചെറുതല്ല.

ആരോഗ്യപ്രവര്‍ത്തകരും പോലിസുമെല്ലാം ഉറങ്ങാതെ ജോലിചെയ്യുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ നിലവിലെ ശ്രദ്ധനല്‍കാനാവില്ല. പല രാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മരിക്കുകയാണ്. യുകെയില്‍ പത്ത് ഡോക്ടര്‍മാര്‍ മരിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഒരാള്‍ മലയാളിയാണ്. പ്രൊട്ടക്ഷനില്ലാതെ കൈയുറയും മാസ്‌കൊന്നുമില്ലാതെ ഡോക്ടര്‍മാര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായതാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മരണം മറ്റുരാജ്യങ്ങളിലുണ്ടാവാനിടയായത്. എന്നാല്‍, കേരളം അതില്‍നിന്നെല്ലാം വ്യത്യസ്തമായി പാടുപെട്ട് കിട്ടാവുന്ന ഇടത്തുനിന്ന് സുരക്ഷാകവചങ്ങള്‍ സംഘടിപ്പിച്ചു.

പ്രവാസികളും ഇതരസംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, രണ്ടും കല്‍പിച്ചെന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല. പ്രതിരോധവാക്‌സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് കേരളം നേരിടുന്നത്. വാര്‍ഡ് തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it