World

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 48 മണിക്കൂറിനിടെ 270 മരണം

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 48 മണിക്കൂറിനിടെ 270 മരണം
X

ഗസ: ഇസ്രായേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ പരക്കെ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചു. 48 മണിക്കൂറിനിടെ 270ലധികം പേര്‍ മരിച്ചതായാണ് കണക്ക്. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് ഇന്നലെ അപ്രതീക്ഷിതമായി കനത്ത ബോംബാക്രമണം നടന്നത്. വടക്കന്‍ ഗസയിലും തെക്കന്‍ ഗസയിലും നിരവധി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. കുട്ടികള്‍ അടക്കം കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നവംബര്‍ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് തവണ നീട്ടുകയും ഗസയില്‍ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 240 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 ഫലസ്തീന്‍ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗസയിലേക്ക് കൂടുതല്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചത്.

അവശേഷിച്ച ബന്ദികളെ കൂടി വിട്ടുനല്‍കാന്‍ ഹമാസിനെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ പുതിയ കൂട്ടക്കുരുതി നടത്തുന്നത്. ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മധ്യസ്ഥനീക്കം പ്രതിസന്ധിയിലാണെന്ന് ഖത്തര്‍ പറഞ്ഞു.

അതേസമയം, അടിയന്തര സേവനം നടത്തുന്ന ആംബുലന്‍സുകളടക്കമുള്ള അഞ്ച് എം.എസ്.എഫ് (ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് അഥവാ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്) വാഹനങ്ങള്‍ ഇസ്രായേല്‍ സേന കത്തിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി. നവംബര്‍ 20നാണ് സംഘടനയുടെ ഗസ സിറ്റി ക്ലിനിക്കിലെ അഞ്ച് എമര്‍ജന്‍സി വാഹനങ്ങള്‍ ഇസ്രായേലി സൈന്യം ടാങ്കുകള്‍ ഉപയോഗിച്ച് കത്തിച്ചത്.





Next Story

RELATED STORIES

Share it