Kerala

ലോക്ക് ഡൗണ്‍: ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കല്‍ കോളജുകള്‍ മുഖേനെയാണ് മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കി വരുന്നത്.

ലോക്ക് ഡൗണ്‍: ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കല്‍ കോളജുകള്‍ മുഖേനെയാണ് മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കി വരുന്നത്.

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ക്ലിനിക്കുകളില്‍ വരുന്നതിനും മരുന്ന് വാങ്ങുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതാത് ഡിഎംഒമാരുടെ സഹായത്തോടെ പിഎച്ച്സികള്‍ വഴി കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജ് മുഖേനെയും മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ ജീവനക്കാര്‍, മിഠായി നോഡല്‍ ഓഫീസര്‍മാര്‍, നഴ്‌സുമാര്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 7907168707.

Next Story

RELATED STORIES

Share it