Kerala

രാജ്യറാണി എക്‌സ്പ്രസിന്റെ സ്വതന്ത്ര സര്‍വീസ് ഇന്നുമുതല്‍

നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് ഇന്നുമുതല്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. രാത്രി 8.50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും. തിരുവനന്തപുരം- മധുര അമൃത എക്സ് പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും.

രാജ്യറാണി എക്‌സ്പ്രസിന്റെ സ്വതന്ത്ര സര്‍വീസ് ഇന്നുമുതല്‍
X

തിരുവനന്തപുരം: അമൃതയില്‍ നിന്ന് വേര്‍പിരിഞ്ഞുള്ള രാജ്യറാണി എക്‌സ്പ്രസിന്റെ സ്വതന്ത്ര സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് ഇന്നുമുതല്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക.

രാത്രി 8.50ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും. 13 കോച്ചുകളാണു ട്രെയിനിലുണ്ടാവുക. തിരുവനന്തപുരം- മധുര അമൃത എക്സ് പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 3.15ന് മധുരയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും.

അമൃതയ്ക്കു കൊല്ലങ്കോട് നാളെമുതല്‍ പുതിയ സ്റ്റോപ്പുണ്ടാകും. 18 കോച്ചുകളാണു അമൃതയിലുണ്ടാകുക. അമൃതയില്‍ നിലവില്‍ 14 കോച്ചുകളും രാജ്യറാണിയില്‍ ഒമ്പത് കോച്ചുകളുമാണുള്ളത്. നേരത്തെ ഷൊര്‍ണൂര്‍ എത്തിയ ശേഷമാണ് രണ്ടു ട്രെയിനുകളും വേര്‍പിരിഞ്ഞ് നിലമ്പൂരിലേക്കും മധുരയിലേക്കും പോയിരുന്നത്. ഇനി മുതല്‍ അമൃത ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവേശിക്കാതെ പാലക്കാട്ടേക്ക് പോകും.

16 കോച്ചുകള്‍ പ്രതീക്ഷിച്ച രാജ്യറാണിക്ക് 13 കോച്ചുകള്‍ മാത്രമാണ് റെയില്‍വെ അനുവദിച്ചിരിക്കുന്നത്. ഷൊര്‍ണൂരിനും നിലമ്പൂരിനും ഇടയിലുള്ള വാണിയമ്പലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, ചെറുകര, വല്ലപ്പുഴ എന്നീ ആറു സ്റ്റേഷനുകളിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ റെയില്‍വെ കോച്ചുകള്‍ വെട്ടിക്കുറച്ചത്. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകള്‍ക്ക് 10 മുതല്‍ 12 കോച്ചുകള്‍വരെ ഉള്‍ക്കൊള്ളാനുള്ള ശേഷിമാത്രമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റെയില്‍വെ രാജ്യറാണിയുടെ കോച്ചുകള്‍ വെട്ടിമാറ്റിയത്. ഇതോടെ നാലു സ്ലീപ്പര്‍ കോച്ചുകള്‍ മാത്രമാകും രാജ്യറാണിക്ക് ഇന്ന് മുതല്‍ അധികം ലഭിക്കുക. നാലു സ്ലീപ്പര്‍ കോച്ചുകളിലുമായി 288 റിസര്‍വേഷനുകളാണ് അധികമായുണ്ടാവുക.

അമൃത എക്‌സ്പ്രസിന്റെ കോച്ചുകളും റെയില്‍വെ കുറച്ചിട്ടുണ്ട്. 24 കോച്ചുകള്‍ക്ക് പകരം 18 കോച്ചുകളാണ് അമൃതക്ക് അനുവദിച്ചിട്ടുള്ളത്. യാത്രാസമയത്തിലും റെയില്‍വെ മാറ്റം വരുത്തി. സ്വതന്ത്രയായ രാജ്യറാണിക്കൊപ്പം വേഗതയേറിയ യാത്രപ്രതീക്ഷിച്ച യാത്രക്കാര്‍ക്ക് കനത്തതിരിച്ചടിയാണ് റെയില്‍വെ നല്‍കിയത്. പുതുക്കിയ സമയപ്രകാരം രാജ്യറാണി നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലെത്താന്‍ 9.10 മിനിറ്റാണ് എടുക്കുക. തിരിച്ചുള്ള യാത്രയില്‍ 69 മിനിറ്റ് നേരം അധികമായി യാത്രക്കെടുക്കും. ഷൊര്‍ണൂര്‍ - തൃശ്ശൂര്‍ ട്രാക്കിലാണ് രാജ്യറാണി വേഗത കുറയുക. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഷൊര്‍ണൂരില്‍ നിന്നു തൃശൂരിലെത്താന്‍ രാജ്യറാണിക്ക് 45 മിനിറ്റ് മതി. എന്നാല്‍ തിരിച്ചുള്ള യാത്രയ്ക്ക് 129 മിനിറ്റാണ് രാജ്യറാണി എടുക്കുക. ഇത് മറ്റിടങ്ങളിലേക്ക് പേകേണ്ടിവരുന്ന ട്രെയിന്‍ യാത്രികര്‍ക്ക് ദുരിതമാകും. ഈ സാഹചര്യത്തില്‍ 'സ്ലാക്ക് ടൈം' പരമാവധി കുറച്ച് നിലമ്പൂരില്‍ എത്തിച്ചേരുന്നവിധം സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് യാത്രക്കാരില്‍ നിന്നും ഉയരുന്നത്.

അമൃതയുടെയും രാജ്യറാണിയുടെയും സമയവിവര പട്ടിക :

തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് സമയം

തിരുവനന്തപുരം - രാത്രി 8.30, കൊല്ലം - 9.32 , കോട്ടയം - 11.30, എറണാകുളം ടൗണ്‍ - 01.15, തൃശ്ശൂര്‍ - 2.30, പാലക്കാട് ജങ്ഷന്‍ - രാവിലെ 06.10, പൊളളാച്ചി - 7.55, പഴനി - 9.30, മധുര - ഉച്ചക്ക് 12 .15.

മധുര - തിരുവനന്തപുരം അമൃത എക്‌സ്പ്രസ് സമയം

മധുര - വൈകീട്ട് 3.15, പഴനി - 5.15, പൊള്ളാച്ചി - 6.45, പാലക്കാട് ജങ്ഷന്‍ - രാത്രി 8.25, തൃശ്ശൂര്‍ - 10.17, എറണാകുളം ടൗണ്‍ - 12.05, കോട്ടയം - 1.10, കൊല്ലം - 3.45, തിരുവനന്തപുരം സെന്‍ട്രല്‍ പുലര്‍ച്ച 5.50.

കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് സമയം

കൊച്ചുവേളി - രാത്രി 8.50, കൊല്ലം - 9.45, കോട്ടയം - 11.37, എറണാകുളം ടൗണ്‍ - 01.30, തൃശ്ശൂര്‍ - 2.40, ഷൊര്‍ണൂര്‍ ജങ്ഷന്‍ - 5.30, അങ്ങാടിപ്പു 6.29, നിലമ്പൂര്‍ റോഡ് - 7.50.

നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് സമയം

നിലമ്പൂര്‍ റോഡ് - രാത്രി 8.50, അങ്ങാടിപ്പുറം - 9.30, ഷൊര്‍ണൂര്‍ ജങ്ഷന്‍ - 10.10, തൃശ്ശൂര്‍ - 10.55, എറണാകുളം ടൗണ്‍ - 12.35, കോട്ടയം - 1.35, കൊല്ലം - 3.55, കൊച്ചുവേളി - രാവിലെ 6.00.

Next Story

RELATED STORIES

Share it