Kerala

ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഓരോ സംഭവം കഴിയുമ്പോഴും ഐഎംഎയുടെ ഇടപെടല്‍ ഇല്ലാതെ അക്രമികളെ അറസ്റ്റ് ചെയ്യാത്ത അവസ്ഥയാണിന്നുള്ളത്. ചികില്‍സക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ആക്രമണത്തിന് ഇരയാകുന്നു.

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
X

കൊച്ചി :ആശുപത്രികളും ജീവനക്കാരും നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ).കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നൂറില്‍ പരം കയ്യേറ്റങ്ങള്‍ക്കും കണക്കില്ലാത്തവിധം അധിക്ഷേപങ്ങള്‍ക്കും വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരയായി. ആശുപത്രി സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനത്താണ് ഇത്തരത്തില്‍ ആശുപത്രികളും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ആശുപത്രിയില്‍ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്ന സമയങ്ങളില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ പോലും ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നുവെന്ന് ആലുവയില്‍ കൂടിയ സംഘടനയുടെ 270ാമത് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഓരോ സംഭവം കഴിയുമ്പോഴും ഐഎംഎയുടെ ഇടപെടല്‍ ഇല്ലാതെ അക്രമികളെ അറസ്റ്റ് ചെയ്യാത്ത അവസ്ഥയാണിന്നുള്ളത്. ചികില്‍സക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ആക്രമണത്തിന് ഇരയാകുന്നു. രാജ്യത്തെ സാമൂഹിക ആരോഗ്യ സംരക്ഷണരംഗത്തെ ഒന്നാം സ്ഥാനക്കാരായ സംസ്ഥാനത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ അവസ്ഥയാണിത്. ആശുപത്രികളില്‍ രോഗീപരിചരണം നടത്താന്‍ ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു.

മിക്ക സംഭവങ്ങളിലും രാഷ്ട്രീയക്കാരോ അവരുടെ പന്തുണയുള്ളവരോ ആണ് പ്രതി സ്ഥാനത്ത്. ഒട്ടുമിക്ക ആശുപത്രി ആക്രമണങ്ങളിലും പോലിസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നല്‍കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ സൗകര്യം ഒരുക്കുന്നു. പോലിസുകാര്‍ തന്നെ പ്രതികളാകുന്ന സംഭവങ്ങളും ഏറുന്നു. സ്ത്രീ ഡോക്ടര്‍മാരും നഴ്‌സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല. ആരോഗ്യമേഖലയില്‍ ആഗോള തരത്തില്‍ വരുന്ന നൂതന കണ്ടെത്തലുകളെക്കുറിച്ചും മറ്റ് തുടര്‍വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കപ്പെടേണ്ട ഐഎംഎ, മറ്റ് ട്രേഡ് യൂനിയനുകളെപ്പോലെ നീതിക്കായി തെരുവിലിറങ്ങേണ്ടിവരുന്ന ഗതികേടിലാണെന്നും ഈ നില തുടനാവില്ലെന്നും യോഗം വിലയിരുത്തി.

ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ ഭയരഹിതമായി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രികളില്‍ ജോലി ചെയ്യാനുള്ള അവസരം ലഭ്യമാക്കാത്തപക്ഷം സമീപ ഭാവിയില്‍ തന്നെ ചികിത്സയ്ക്കായി ഓരോ മലയാളിയും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിരുമെന്നും യോഗം വിലയിരുത്തി.

Next Story

RELATED STORIES

Share it