Kerala

ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ നേതാക്കന്‍മാര്‍ക്കെതിരേ ഒരു അഭിപ്രായവും തനിക്കില്ല: ശരത്പ്രസാദ്

ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ നേതാക്കന്‍മാര്‍ക്കെതിരേ ഒരു അഭിപ്രായവും തനിക്കില്ല: ശരത്പ്രസാദ്
X

തൃശൂര്‍: മുന്‍മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള തൃശൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് വിവാദമായതോടെ വിശദീകരണവുമായി ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാസെക്രട്ടറി ശരത്പ്രസാദ് രംഗത്ത്. തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരിത ദുരൂഹമാണെന്നും ഇതിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധരുടെ ഗൂഢാലോചനയാണെന്നും ശരത്പ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

സിപിഎം നേതാക്കള്‍ക്കോ പാര്‍ട്ടിക്കെതിരെയോ ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ ഒരു അഭിപ്രായവും തനിക്കില്ലെന്നും, താനേറെ ബഹുമാനിക്കുന്നവരാണ് പാര്‍ട്ടിയിലെ നേതാക്കളെന്നും ശരത് പ്രസാദ് പറഞ്ഞു.പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചിലര്‍ രാഷ്ട്രീയ വിരോധത്താല്‍ ഗൂഢാലോചന നടത്തി പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്നാണ് ശരത്പ്രസാദിന്റെ വിശദീകരണം. എന്നും പാര്‍ട്ടിക്കൊപ്പം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ശരത്പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

'എന്റെ ശബ്ദ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത തികച്ചും ദുരൂഹമാണ്. വസ്തുതാ വിരുദ്ധവും, കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ കുറിച്ച് ആ ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചോ, പാര്‍ട്ടിയെ സംബന്ധിച്ചോ എനിക്ക് അത്തരത്തില്‍ യാതൊരു അഭിപ്രായവും ഇല്ല എന്ന് മാത്രമല്ല ഞാന്‍ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്റെ സഖാക്കള്‍. ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്നേഹം എക്കാലത്തും പ്രദാനം ചെയ്തവരാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ചിലര്‍ രാഷ്ട്രീയ വിരോധത്താല്‍ മാത്രം പാര്‍ട്ടിയെയും, പാര്‍ട്ടി സഖാക്കളെയും എന്നെയും സമൂഹ മധ്യത്തില്‍ താഴ്ത്തികെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പ്. ഒരു പാര്‍ട്ടി വിരുദ്ധര്‍ക്ക് മുന്‍പിലും കീഴടങ്ങില്ല; പാര്‍ട്ടിക്കൊപ്പം മാത്രം.'

മുന്‍മന്ത്രിയായ എ സി മൊയ്തീന്‍, മുതിര്‍ന്ന സിപിഎം നേതാവായ എംകെ കണ്ണന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുതുക്കാട് എം.എല്‍.എ കെ കെ രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കെതിരെ ശരത് പ്രസാദ് സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓഡിയോ ക്ലിപ്പ് പുറത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

മണ്ണുത്തി ഏരിയ കമ്മിറ്റിയിലെ അസ്വാരസ്യങ്ങളാണ് ഓഡിയോ ക്ലിപ്പ് പുറത്തെത്താന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സംഭവം വിവാദമായതിന് പിന്നാലെ ഡി.വൈ.എഫ്.ഐ ജില്ലാനേതാവ് നിബിന്‍ ശ്രീനിവാസനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു നിബിന്‍ ശ്രീനിവാസന്‍.

കപ്പലണ്ടി വിറ്റുനടന്ന എംകെ കണ്ണന്‍ ഇന്ന് കോടിപതിയാണെന്നും ടോപ് ക്ലാസ് ആളുകളുമായാണ് എ സി മൊയ്തീന്റെ ഇടപാടുകളെന്നും ശരത്പ്രസാദ് ഓഡിയോയില്‍ പറയുന്നു. സിപിഎം ജില്ലാനേതൃത്തിലെ ആര്‍ക്കും സാമ്പത്തികമായി ഒരു പ്രശ്‌നവുമില്ലെന്നും ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ നിലവാരം മാറുകയാണെന്നും വന്‍തോതിലുള്ള പിരിവാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ശരത് പ്രസാദ് ആരോപിച്ചിരുന്നു. തേസമയം, ഈ ശബ്ദരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് പറഞ്ഞ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.



Next Story

RELATED STORIES

Share it