Kerala

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങൾ: റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബഹുജന സംഘടനകൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങൾ: റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാക്കിയ വിദഗ്‌ദ്‌ധ റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും കരുതൽ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രത്യേക ഗ്രാമസഭകളും വാർഡ്സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബഹുജന സംഘടനകൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിലൂടെ കരുതൽ നടപടികൾ ഉറപ്പാക്കി ദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുമെന്ന് ഉത്തരവിൽ പറഞ്ഞു. പശ്ചിമഘട്ടത്തിന്റെ പ്രാന്ത പ്രദേശങ്ങൾ, വൻ നദീതീരങ്ങൾ, 2018 ലെയും 2019 ലെയും പ്രകൃതിക്ഷോഭ മേഖലകൾ, പാരിസ്ഥിതിക പ്രശ്ന സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കരുതൽ നടപടികളും ദീർഘകാല പദ്ധതികളും ജനപങ്കാളിത്തത്തോടെ ആവിഷ്ക്കരിക്കാൻ ഗ്രാമസഭയിലെ ചർച്ചകൾക്ക് കഴിയും.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹൻ കുമാർ, പി. മോഹനദാസ് എന്നിവർ കവളപ്പാറയിലെ ദുരന്ത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ ഉത്തരവിലേതാണ് നിർദ്ദേശം.

ഉരുൾപൊട്ടലിനെ തുടർന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞ് കൂടിയ മണ്ണ്, മണൽ,പാറ, വ്യക്ഷങ്ങൾ എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുന:സ്ഥാപിക്കാൻ സർക്കാർ നടപടി എടുക്കണം. ദുരിത ബാധിതർക്ക് അനുവദിച്ച അടിയന്തിരധന സഹായം അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം വർധിപ്പിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിൽ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവർക്ക് പാർപ്പിടം നിർമ്മിക്കാൻ പകരം സ്ഥലം നൽകണം.

കാർഷിക വിളകൾ, കാർഷിക ഉപകരണങ്ങൾ, ജീവനോപാധികൾ, കന്നുകാലികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവ ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ടവർക്ക് കമ്പോളവില കണക്കാക്കി നഷ്ടപരിഹാരം നൽകണം. ഉരുൾപൊട്ടലിൽ നശിച്ച റോഡുകൾ, പാലങ്ങൾ, പൊതു സംവിധാനങ്ങൾ മുതലായവ പൂർവസ്ഥിതിയിലാക്കണം. മരിച്ചവർ, കാണാതായവർ,ദുരിത ബാധിതർ എന്നിവരുടെ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് മാനസികാശ്വാസവും ആത്മവിശ്വാസവും നൽകാൻ കൗൺസിലിംഗ് ഏർപ്പാടാക്കണം. സൗജന്യ നിയമസഹായം ദുരിത ബാധിതർക്ക് ഉറപ്പാക്കണം.

ആദിവാസി മേഖലയിൽ 2019 ഓഗസ്റ്റ് 8 ന് മുമ്പുള്ള റവന്യൂ, മരാമത്ത്, പഞ്ചായത്ത് സംവിധാനങ്ങൾ അടിയന്തരമായി പുന:സ്ഥാപിക്കണം. ദുരന്തങ്ങൾ പ്രതിരോധിക്കാൻ പ്രാദേശിക അറിവ് സംയോജിപ്പിച്ച് യാഥാർത്ഥ്യ ബോധത്തോടെ പാർപ്പിട പദ്ധതി ആവിഷ്ക്കരിക്കണമെന്നും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി. കവളപ്പാറയിൽ കാണാതായവരുടെ അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണം. ഉരുൾപൊട്ടലിൽ നഷ്ടമായ ആധാർ കാർഡുകൾ, ഭൂമി സംബന്ധമായ രേഖകൾ, റേഷൻ കാർഡുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ തുടങ്ങിയവയുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാൻ പ്രത്യേക സംവിധാനം ഏർപ്പാടാക്കണം. ഇതിനായി കളക്ടർ അധ്യക്ഷനായി പ്രത്യേക സംവിധാനം രൂപീകരിക്കണം. ആവശ്യമെങ്കിൽ ഇതിനുവേണ്ടി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it