Kerala

പച്ചക്കറി വില തൊട്ടാല്‍ പൊള്ളും: ഹോട്ടലുകള്‍ അടച്ചിട്ട് സമരത്തിലേക്ക്

17ന് ചേരുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

പച്ചക്കറി വില തൊട്ടാല്‍ പൊള്ളും: ഹോട്ടലുകള്‍ അടച്ചിട്ട് സമരത്തിലേക്ക്
X

തിരുവനന്തപുരം: സവാളയ്ക്ക് പിന്നാലെ പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നതോടെ അടച്ചിടല്‍ സമരത്തിലേക്ക് ഹോട്ടലുകള്‍ നീങ്ങുന്നു. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ഹോട്ടലുകള്‍ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്. 17ന് ചേരുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറി എത്തിക്കുന്നത്.പച്ചക്കറി വിലയില്‍ കുതിപ്പ് തുടരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

ആഗസ്തില്‍ 50-70 രൂപ നിലവാരത്തിലായിരുന്ന മുരിങ്ങക്കായ്ക്ക് കഴിഞ്ഞയാഴ്ച്ച വില കിലോക്ക് 350 രൂപ. ഈ ആഴ്ചയില്‍ 450 രൂപയിലെത്തി. മല്ലിയില കിലോക്ക് 150 രൂപ കൊടുക്കണം. കിലോക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റ് 65 ല്‍ എത്തി. ബീന്‍സ് നാല്‍പ്പതിന് മുകളില്‍ എത്തി. കേരളത്തില്‍ കൂടുതലായി കൃഷി ചെയ്യുന്ന പയര്‍, മത്തന്‍, ചേന, ചേമ്പ് ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കൂടി. മൊത്തവിപണിയില്‍ തക്കാളിക്ക് 20 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുന്നത് 26 രൂപയ്ക്കാണ്.

വെണ്ടക്ക 32ല്‍ നിന്ന് 40 രൂപയായി വര്‍ധിക്കും. വെള്ളരി 9 രൂപയ്ക്ക് മൊത്ത വിപണിയില്‍ നിന്ന് കിട്ടുമ്പോള്‍ 20 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുന്നത്. എളവന്‍ മൊത്തവിപണിയില്‍ 16 രൂപക്ക് കിട്ടുമ്പോള്‍ ചെറു കച്ചവടക്കാര്‍ 35 രൂപയ്ക്കാണ് വില്‍ക്കുന്നത്. മത്തന്‍ 16 , പാവയ്ക്ക 24, ബീന്‍സ് 30, ഇഞ്ചി 50, ബീറ്റ്‌റൂട്ട് 45, കാരറ്റ് 44 എന്നിങ്ങനെയാണ് മൊത്ത വിപണിയിലെ പച്ചക്കറികളുടെ വില.

ഉള്ളിയുടെയും പച്ചക്കറിയുടേയും വില കൂടിയത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്റ്റോക്ക് ചെയ്ത ഉള്ളിയാണ് പലയിടത്തും ലഭ്യമാകുന്നത്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

മഴക്കെടുതികളില്‍ കൃഷി നശിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തിലെ പച്ചക്കറി കര്‍ഷകരും കൃഷിയില്‍ നിന്ന് പിന്‍വലിഞ്ഞു. പൊള്ളുന്ന വിപണിയില്‍ ആശ്വാസമേകാന്‍ സപ്ലെകോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ. പച്ചക്കറി വിലക്കയറ്റം വിവാഹം, ഗൃഹപ്രവേശം, മറ്റു സല്‍ക്കാരങ്ങള്‍ എന്നിവയെയും ബാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it