Kerala

പി കെ ശശിക്കെതിരായ ലൈംഗീകാരോപണം: പരാതിയില്‍ കേസെടുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

പി കെ ശശിക്കെതിരായ ലൈംഗീകാരോപണം: പരാതിയില്‍ കേസെടുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരായ ലൈംഗീകാരോപണ പരാതിയില്‍ കേസെടുക്കണമെന്ന് ഹരജി ഹൈക്കോടതി തള്ളി.ഹരജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയതിനെ തുര്‍ന്നാണ് ഹരജി തള്ളിയത്. കേസില്‍ പൊതു താല്‍പര്യം ഇല്ലെന്നും ഹരജി ഫയല്‍ ചെയ്യാന്‍ തന്നെ ഹരജിക്കാരന് അവകാശമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വനിത ഡിവൈഎഫ് ഐ നേതാവ് നല്‍കിയ പരാതി പാര്‍ടി പോലീസിന് കൈമാറിയില്ലെന്നും പാര്‍ടിയുടെ നിയമവിരുദ്ധമായ നടപടി മൂലം എംഎല്‍എ തന്നെ സംശയത്തിന്റെ നിഴലിലാണെന്നും തന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഷൊര്‍ണൂര്‍ മണ്ഡലത്തിലെ വോട്ടറായ ടി എസ് കൃഷ്ണകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതി പാര്‍ടി പോലീസിന് കൈമാറിയില്ലെന്ന ആരോപണം കോടതി തള്ളി. ഇരയക്ക് സ്വകാര്യത ഉണ്ടെന്നും വോട്ടര്‍ ആണെങ്കിലും ഹരജിക്കാരന് ഇരയുടെ സ്വകാര്യത ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.പരാതി ആര്‍ക്കു നല്‍കുമെന്നത് ഇരയുടെ വിവേചനാധികാരമാണെന്നും യുവതി പാര്‍ടിക്കു മാത്രമായി പരാതി നല്‍കിയത് പോലീസിന് പരാതി നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും കോടതി നീരീക്ഷിച്ചു.

പരാതിക്കാരിക്കില്ലാത്ത ആക്ഷേപം വോട്ടര്‍ക്ക് ഉണ്ടാകേണ്ടതില്ലെന്നും പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കാനില്ലെന്നും കോടതി പറഞ്ഞു. പാര്‍ടി സ്വന്തം നിലയക്ക് അന്വേഷിച്ചുവെന്നും കുറ്റക്കാരനായി കണ്ടെത്തി നടപടിയെടുത്തിട്ടും പോലീസിന് പരാതി കൈമാറാത്തത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.




Next Story

RELATED STORIES

Share it