Kerala

ഹൈക്കോടതി ഉത്തരവ്; കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്തു

യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിലായിരുന്നു പള്ളി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലാഭരണകൂടം നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 250 അംഗ പോലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ്; കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്തു
X
തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പള്ളിയുടെ വാതിലില്‍ നോട്ടീസ് പതിക്കുന്നു

കോട്ടയം: ഓര്‍ത്തഡോക്‌സ്, യാക്കോബായ തര്‍ക്കം നിലനിന്ന തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പരിസരവും ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ എം അഞ്ജന ചുമതലപ്പെടുത്തിയ കോട്ടയം തഹസില്‍ദാര്‍ പി ജി രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് നടപടികള്‍ ആരംഭിച്ചത്. റവന്യൂ, പോലിസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.

തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പള്ളിയുടെ വാതില്‍ പൂട്ടി സീല്‍ ചെയ്യുന്നു

യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിലായിരുന്നു പള്ളി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലാഭരണകൂടം നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 250 അംഗ പോലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പള്ളിയോട് ചേര്‍ന്ന ബിഷപ്പ് ഹൗസില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച മുംബൈ അപ്പോസ് ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാര്‍ അലക്സന്ത്രയോസിനെയും വിശ്വാസികളെയും അറസ്റ്റുചെയ്ത് നീക്കി. പള്ളി കൈമാറാന്‍ ഒരുക്കമായിരുന്നുവെന്നും സണ്‍ഡേ സ്‌കൂള്‍, സെമിത്തേരി, പള്ളിമേട എന്നിവയുടെ താക്കോല്‍ കൈമാറില്ലെന്നുമായിരുന്നു സഭയുടെ നിലപാട്.

എല്ലാ താക്കോലും വേണമെന്നു അധികൃതര്‍ നിലപാടെടുത്തു. പള്ളിയിലും പള്ളിമേടയിലും പ്രധാന കവാടത്തിലും ഏറ്റെടുക്കല്‍ നടപടി സംബന്ധിച്ച നോട്ടീസ് പതിച്ചു. ആര്‍ഡിഒ ജോളി ജോസഫിന്റെ സാന്നിധ്യത്തില്‍ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു. രാവിലെ എട്ടുമണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. പള്ളി ഏറ്റെടുത്ത് പൂട്ടി താക്കോല്‍ കൈവശം സൂക്ഷിക്കണമെന്നു ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ജില്ലാ കലക്ടര്‍ക്കു തഹസില്‍ദാര്‍ പള്ളി പൂട്ടി താക്കോല്‍ കൈമാറിയിട്ടുണ്ട്.

സംഘര്‍ഷസാധ്യതയില്ലെന്നു ജില്ലാ ഭരണകൂടം കണ്ടെത്തി റിപോര്‍ട്ട് നല്‍കിയെങ്കില്‍ മാത്രമേ ഏതെങ്കിലും ഒരു സഭയ്ക്കു പള്ളിയുടെ താക്കോല്‍ കൈമാറൂ. അതുവരെ യാക്കോബായ സഭയ്ക്കോ ഓര്‍ത്തഡോക്സ് സഭയ്ക്കോ പള്ളിയില്‍ പ്രവേശിക്കുന്നതിനോ, ആരാധന നടത്തുന്നതിനോ അനുവാദമുണ്ടാവില്ല. സംഘര്‍ഷമുണ്ടയില്ലെങ്കിലും സ്ഥലത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കെതിരേ മുദ്രാവാക്യം മുഴക്കി.

Next Story

RELATED STORIES

Share it