- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹീര ഗോള്‍ഡ്' തട്ടിയത് ശതകോടികള്‍; സൂത്രധാരി രാജ്യത്തെ ആദ്യ വനിതാ പാര്‍ട്ടി അധ്യക്ഷ
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്്‌ലിം രാഷ്ട്രീയ മഞ്ചുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട്: ഇസ്്‌ലാം നിഷിദ്ധമാക്കിയ പലിശയില്ലാതെ വ്യാപാരം നടത്തി ലാഭവിഹിതം വാഗ്ദാനം ചെയ്ത് ശതകോടികളുടെ തട്ടിപ്പ് നടത്തിയതിനു അറസ്റ്റിലായത് ഇന്ത്യയില്‍ ആദ്യമായി വനിതകള്‍ക്കു വേണ്ടി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷ. ഹീര ഗോള്‍ഡ് എക്‌സിം ഗ്രൂപ്പ് മേധാവിയായ ഡോ. ആലിമ നൗഹീറ ഷെയ്ഖ് ഓള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി(എംഇപി)യുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്കു വേണ്ടി മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് എന്നതിനാല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഡോ. ആലിമ നൗഹീറ ശെയ്ഖ് പ്രസിഡന്റായി 2017 നവംബറിലാണ് പാര്‍ട്ടി രൂപീകരിച്ചത്. ബോളിവുഡ് താരങ്ങളും പ്രശസ്തരുമെല്ലാം അണിനിരന്ന ചടങ്ങ് ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. സാനിയ മിര്‍സ, ഫറാ ഖാന്‍, സല്‍മാന്‍ ഖാന്‍, അഫ്താബ് ശിവസാനി, ബോബി ഡിയോള്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തിയ ചിത്രങ്ങളും ഇവര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്്‌ലിം രാഷ്ട്രീയ മഞ്ചുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നൗഹിറയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മാത്രമല്ല, ഇവര്‍ക്കെതിരേ 2012ല്‍ വഞ്ചനാ കേസില്‍ പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ ഇവരുട സ്ഥാപനത്തിലെ ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. 2014ല്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍(എഐഎംഐഎം) നേതാവും ഇപ്പോള്‍ എംപിയുമായ അസദുദ്ദീന്‍ ഉവൈസി പരാതി നല്‍കുകയും ചെയ്തിരുന്നു. പാവപ്പെട്ട നിരവധി മുസ്്‌ലിം സ്ത്രീകളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നാണു പരാതി. ഇവര്‍ക്കെതിരായ പരാതകളില്‍ കേസ് നടപടികള്‍ വൈകുന്നത് രാഷ്ട്രീയ ബന്ധം കാരണമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് പൊടുന്നനെ വിവിധ അവാര്‍ഡുകള്‍ ലഭിച്ചതും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മൗനത്തിലാണ്. ഇതിനിടെ, കോഴിക്കോട്ടെ കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.
പലിശ ഒഴിവാക്കി വ്യാപാരം നടത്തി ലാഭവിഹിതം വാദ്ഗാനം ചെയ്ത് കോടികളാണ് കേരളത്തില്‍ മാത്രം ഇവര്‍ നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹീര ഗോള്‍ഡ് എക്‌സിം എന്ന സ്ഥാപനം കോഴിക്കോട് ശാഖ വഴി മാത്രം നടത്തിയ തട്ടിപ്പിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഫ്രാന്‍സിസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹീര ഗോള്‍ഡ് എക്‌സിം എന്ന സ്ഥാപനത്തിനെതിരേ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ ചെമ്മങ്ങാട് പോലിസ് കേസെടുത്തെങ്കിലും നടപടികള്‍ വൈകുകയാണ്. അതേസമയം, ആന്ധ്രയിലും മഹാരാഷ്ട്രയിലുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തട്ടിപ്പ് കേസുകളിലാണ് ഡോ. ആലിമ നൗഹീറ ഷെയ്ഖ് അറസ്റ്റിലായത്. പലിശയെന്ന തിന്‍മ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ഒരു ലക്ഷം രൂപയ്ക്കു 3200 മുതല്‍ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതിനു വേണ്ടി കോഴിക്കോട്ടെ പ്രമുഖ ഹോട്ടലുകളില്‍ വിരുന്ന് സംഘടിപ്പിച്ചും നൗഹീറ ശെയ്ഖ് നേരിട്ടെത്തിയുമാണ് പല വ്യവസായികളില്‍ നിന്നും പ്രവാസികളില്‍ നിന്നുമൊക്കെയായി കോടികള്‍ പിരിച്ചത്. 6 മാസമായി ലാഭവും മുതലും കിട്ടാതായതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഇസ്‌ലാമിക് ഹലാല്‍ ബിസിനസ് എന്ന പേരില്‍ ഇന്ത്യക്കകത്തും പുറത്തു നിന്നാണ് തട്ടിപ്പ് നടത്തിയത്.
ആകെ 20000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണു വിവരം. ഇതില്‍ കേരളത്തില്‍ മാത്രം 3000 കോടിയിലേറെയുണ്ടെന്നാണു നിഗമനം. കമ്പനി സിഇഒയാ ഹൈദരാബാദ് സ്വദേശിനി ഡോ. ആലിമ നാഹിറ ശെയ്ഖിനെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിനെതിരെ നിക്ഷേപകര്‍ ഹീരാ ഗ്രൂപ്പിന്റെ ഹൈദരാബാദിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും മുംബൈ, ബംഗളൂരു ഓഫിസുകള്‍ക്ക് മുമ്പിലും സമരം നടത്തി വരികയായിരുന്നു. ഇതോടെയാണ് ഇവര്‍ കേരളത്തിലും തട്ടിപ്പ് നടത്തിയതായി വിവരം പുറത്തുവന്നത്. കോഴിക്കോട്ടെ ഓഫിസില്‍ ഇപ്പോഴും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണു സൂചന. എട്ടുവര്‍ഷം മുമ്പ് കോഴിക്കോട് ഇടിയങ്ങരയിലാണ് ഹീരാ ഗ്രൂപ്പ് ആദ്യ ഓഫിസ് തുടങ്ങിയത്. ഇന്ത്യയ്ക്കു പുറമെ ദുബയ്, മക്ക, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലും ഓഫിസുകളുണ്ട്. അതിനാല്‍ തന്നെ നിരവധി പ്രവാസികള്‍ പലിശരഹിത തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. സ്വര്‍ണക്കട്ടിയുടെ വ്യാപാരമാണ് ഗ്രൂപ്പ് പ്രധാനമായും നടത്തുന്നതെന്നാണു വെബ്‌സൈറ്റില്‍ പറയുന്നത്. ഇതിനുപുറമെ ജ്വല്ലറി, വസ്ത്ര വ്യാപാരം, ഭക്ഷ്യോല്‍പന്നങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, കെട്ടിട നിര്‍മാണ വസ്തുക്കളുടെ വ്യാപാരം, ടൂര്‍സ് ആന്റ് ട്രാവല്‍സ്, കുടിവെള്ളം തുടങ്ങി 12ഓളം സഹകമ്പനികള്‍ ഗ്രൂപ്പിന് കീഴിലുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















