Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമായത്. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമായത്. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശമുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കേരള തീരത്തുനിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോവാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകളുണ്ടാവാന്‍ ഇടയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രതപാലിക്കണം. വള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വയ്ക്കണം. ഇന്ന് മുതല്‍ 10 വരെ തെക്ക്- പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് മുതല്‍ എട്ടുവരെ തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 60 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. എട്ടുവരെ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it