Kerala

തീവ്രമഴ: എറണാകുളം ജില്ലയില്‍ സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും; ദുരിതാശ്വാസ ക്യാംപുകള്‍ തുറുന്നു,എന്‍ഡിആര്‍എഫ് സേന എത്തി

ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന്‍ കമാണ്ടര്‍ വി രാം ബാബുവിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘത്തെയാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്.

തീവ്രമഴ: എറണാകുളം ജില്ലയില്‍ സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും; ദുരിതാശ്വാസ ക്യാംപുകള്‍ തുറുന്നു,എന്‍ഡിആര്‍എഫ് സേന എത്തി
X

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി പി രാജീവിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തില്‍ തീരുമാനം.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വ്യക്തമായ ആസൂത്രണത്തോടെ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കാലടി പോലീസ് സ്‌റ്റേഷനിലേക്ക് ഫയര്‍ ഫോഴ്‌സിന്റെ ഉപകരണങ്ങളെത്തിക്കാനും പോലീസുമായി സഹകരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.


വെള്ളപ്പൊക്കമുണ്ടായാല്‍ അങ്കമാലിയില്‍ നിന്ന് ഉപകരണങ്ങളെത്തിക്കാന്‍ കഴിയാത്തതിനാലാണിത്. മാഞ്ഞാലിത്തോട്ടില്‍ ഫ്‌ളോട്ടിംഗ് ജെസിബി ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.കാനകളില്‍ ഒഴുക്ക് സുഗമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം. അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി വെള്ളക്കെട്ടുണ്ടാകുന്ന നഗരത്തിലെ പ്രദേശങ്ങളില്‍ കാനയിലേക്ക് വെള്ളമൊഴുകിപ്പോകുന്നതിനുള്ള ഹോളുകളിടുന്നതിന് കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പി ആന്‍ഡ് ടി കോളനി, ഉദയ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാംപുകള്‍ സജ്ജമാക്കും.

കുറുങ്കോട്ട ദ്വീപില്‍ അടിയന്തര ആവശ്യത്തിനായി ബോട്ട് സജ്ജമാക്കും. കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉടന്‍ യോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ചെല്ലാനം പ്രദേശത്ത് ഇത്തവണ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി അറിയിച്ചു. കണ്ണമാലി ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. ഇവിടെ ബാക്കിയുള്ള ജിയോബാഗുകള്‍ കൂടി സ്ഥാപിക്കാന്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തര സന്ദേശങ്ങള്‍ നല്‍കാനായി വിവിധ തലങ്ങളിലുള്ള വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ തയാറാക്കും. കൂടാതെ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ബോട്ടുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ടോറസുകളും സജ്ജമാക്കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും. ബോട്ടുടമകളുടെ യോഗം ചേരാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.


കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഫയര്‍ ഫോഴ്‌സ് എന്നിവരടങ്ങുന്ന അടിയന്തര കര്‍മ്മ സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുല്ലശേരി കനാലിന്റെ വെള്ളം കയറിയ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പാതാളം, പുറപ്പിള്ളിക്കാവ്, കണക്കന്‍ കടവ് ബണ്ടുകളുടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.

പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കുറ്റിക്കാട്ടുകര ഗവണ്‍മെന്റ് യുപി സ്‌കൂളിലും, ഐഎ.സി യൂനിയന്‍ ഓഫീസിലുമാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. കുറ്റിക്കാട്ടുകര സ്‌കൂളില്‍ 13 കുടുംബങ്ങളും, ഐഎസി യൂനിയന്‍ ഓഫീസില്‍ ഏഴ് കുടുംബങ്ങളുമാണ് നിലവിലുള്ളത്.കോതമംഗലം താലൂക്ക് തൃക്കാരിയൂര്‍ ക്യാംപ് തുറന്നു. എല്‍പിഎസ് തൃക്കാരിയൂരിലെ ക്യാംപില്‍ അഞ്ച് കുടുംബം. പുരുഷന്മാരും സ്ത്രീകളും കുട്ടികളുടമക്കം 15 പേരാണുള്ളത്.ആലുവ താലൂക്കില്‍ മൂന്ന് ക്യംപുകള്‍ തുറന്നു. എസ്പിഡബ്യൂ യുപി സ്‌കൂളിലും കുന്നുശേരി മുസ് ലീം മദ്രസയിലും വാലേപുരം അങ്കണവാടിയിലുമാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. എസ്പിഡബ്യൂ യുപി സ്‌കൂളില്‍ 31 പേരും കുന്നുശേരി മുസ് ലിം മദ്രസയില്‍ 37 പേരും വാലേപുരം അങ്കണവാടിയില്‍ 15 പേരുമാണുള്ളത്.


എന്‍ഡിആര്‍എഫ് സേന ജില്ലയിലെത്തി

മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെത്തി. ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന്‍ കമാണ്ടര്‍ വി. രാം ബാബുവിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘത്തെയാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. കലക്ടറേറ്റിലെത്തിയ സേനാംഗങ്ങള്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ക്യാംപ്് ചെയ്യുന്ന എന്‍ഡിആര്‍എഫ് സംഘത്തെ ആവശ്യ ഘട്ടങ്ങളില്‍ ജില്ല ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം വിവിധ സ്ഥലങ്ങളില്‍ വിനിയോഗിക്കും.

Next Story

RELATED STORIES

Share it