Kerala

ഇടുക്കി ഡാം തുറന്നാലും എറണാകുളം ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: എറണാകുളം ജില്ലാഭരണകൂടം

500 ക്യൂമെക്‌സ് (ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്റ്) ജലം വരെ തുറന്ന് വിട്ടാല്‍ പെരിയാറില്‍ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും ജലം തുറന്ന് വിടേണ്ട സാഹചര്യമില്ല

ഇടുക്കി ഡാം തുറന്നാലും എറണാകുളം ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: എറണാകുളം ജില്ലാഭരണകൂടം
X

കൊച്ചി: നിലവില്‍ ശക്തമായ മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവില്‍ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നതെന്നും എറണാകുളം ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് വ്യക്തമാക്കി.500 ക്യൂമെക്‌സ് (ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്റ്) ജലം വരെ തുറന്ന് വിട്ടാല്‍ പെരിയാറില്‍ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും ജലം തുറന്ന് വിടേണ്ട സാഹചര്യമില്ല.


2021 ഇല്‍ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിട്ടത്. ലോവര്‍ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ സംഭരിക്കുകയും വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്.ഇടമലയാര്‍ ഡാമിന് മുകളിലുള്ള തേനാര്‍ ഡാം പ്രദേശത്തു ശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തില്‍ 2021ല്‍ ഇടമലയാര്‍ ഡാമില്‍ നിന്നും 100 ക്യൂമെക്‌സ് ജലം അന്ന് പുറത്തേക്ക് വിട്ടിരുന്നു. 140 ക്യൂമെക്‌സ് ജലം അന്ന് പെരിയാറില്‍ അധികമായി ഒഴുകിയിട്ടും കാലടി മേഖലയില്‍ അഞ്ചു സെന്റിമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്.

മറ്റു പ്രദേശങ്ങളില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല.നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 2221 ക്യൂസെക്‌സ്( 62.89 ക്യൂമെക്‌സ് ) ജലമാണ് തുറന്ന് വിടുന്നത്. ഇടമലയാര്‍ ഡാമില്‍ അലര്‍ട്ടുകള്‍ നിലവിലില്ല. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് 2.11 മീറ്ററും കാലടിയില്‍ 3.73 മീറ്ററും മംഗലപ്പുഴ ഭാഗത്തു 1.95 മീറ്ററുമാണ്. ഈ സ്ഥലങ്ങളില്‍ എല്ലാം ജലനിരപ്പ് അപകട നിലക്ക് താഴെയുമാണ്.ഇടുക്കി ഡാമില്‍ നിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങള്‍ വിലയിരുത്തി നിരീക്ഷിക്കുകയാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it