Kerala

വിസ്‌ക് മാതൃകയ്ക്കു അഭിനന്ദനവുമായി ആരോഗ്യമന്ത്രി

വിസ്‌ക് മാതൃകയ്ക്കു അഭിനന്ദനവുമായി ആരോഗ്യമന്ത്രി
X

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച് ലോക ശ്രദ്ധയാകര്‍ഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അംഗീകാരവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജയും. കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്നും മന്ത്രി പറഞ്ഞു. വിസ്‌ക് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, എആര്‍എംഒ ഡോ. മനോജ്, എന്‍എച്ച്എം എറണാകുളം അഡീഷനല്‍ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്‍, അഡീഷനല്‍ ഡി എംഒ ഡോ. വിവേക് കുമാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ വകുപ്പിന് വേണ്ടി മെഡിക്കല്‍ കോളജിന്റെ സാങ്കേതിക സഹായത്തോടെ ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മന്റ് ഓര്‍ഗനൈസേഷനാണ് എക്കണോ വിസ്‌ക് എന്ന് പേരിട്ട പരിഷ്‌കരിച്ച വിസ്‌ക് മാതൃക നിര്‍മിച്ചത്. ഭാരക്കുറവുള്ള, മടക്കാവുന്നതും അഴിച്ചെടുക്കാവുന്നതുമായ എക്കണോ വിസ്‌ക് ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കും. ഒരു ഹെലികോപ്റ്ററില്‍ രണ്ട് വിസ്‌ക് വരെ സ്ഥാപിക്കാം. യാത്രാ സംവിധാനങ്ങള്‍ പരിമിതമായ സ്ഥലങ്ങളില്‍ പോലും വിസ്‌ക് എത്തിച്ചു കൊവിഡ് പരിശോധന നടത്താന്‍ പുതിയ വിസ്‌ക് സഹായകരമാണ്. നാഷനല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് എക്കണോ വിസ്‌ക് ഐഎന്‍എസ് സഞ്ജീവനിയിയില്‍ ഹെലികോപ്റ്റര്‍ വഴി എത്തിച്ചത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വിസ്‌ക് മാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംപിള്‍ ശേഖരണത്തിനായി വ്യാപകമായിഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സുരക്ഷിതമായി സാംപിള്‍ ശേഖരിക്കാം എന്നതാണ് വിസ്‌കിന്റെ സവിശേഷത.


Next Story

RELATED STORIES

Share it