Kerala

മെഡിക്കല്‍ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യവകുപ്പ്

വിതരണക്കാരെ ഒഴിവാക്കും

മെഡിക്കല്‍ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യ വകുപ്പ്. കെഎംഎസ്സിഎല്‍ വഴിയാണ് ഉപകരണങ്ങള്‍ വാങ്ങുക. കരാര്‍ വിളിച്ച് റണ്ണിങ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് ഉപകരണങ്ങള്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പ്രതിസന്ധിയിലാക്കിയ വിതരണക്കാരെ ഒഴിവാക്കി കമ്പനികളില്‍ നിന്ന് കെഎംഎസ്‌സിഎല്‍ വഴി ഉപകരണങ്ങള്‍ നേരിട്ടെത്തിക്കാനാണ് ശ്രമം.

വിതരണക്കാര്‍ അജണ്ട നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിനെ കുടിശ്ശികയുടെ പേരില്‍ പ്രതിസന്ധിയിലാക്കയതെന്ന് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വിതരണക്കാരെ ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഉപകരണങ്ങള്‍ ആരോഗ്യവകുപ്പിന് കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കഴിയില്ലെന്നാണ് വിതരണക്കാരുടെ പക്ഷം. എല്ലാ നിയമവഴികളും തേടി മുന്നോട്ടുപോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക തുക ഉടന്‍ പൂര്‍ണമായി നല്‍കുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്ന നടപടി വിതരണക്കാര്‍ തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വിതരണക്കാര്‍ തിരിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് നാലു കോടിയിലധികം രൂപ വിലമതിക്കും.

സ്റ്റോക്ക് തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു വിതരണക്കാരുടെ തീരുമാനം. നിയമവഴികള്‍ അടക്കം പരിശോധിക്കാന്‍ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. കുടിശ്ശിക തീര്‍ക്കുന്നതില്‍ ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിച്ചില്ലെന്നാണ് വിതരണക്കാര്‍ പറഞ്ഞിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. സ്റ്റോക്ക് തിരിച്ചെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അനുവദിച്ചിരുന്നിരുന്നില്ല.

158 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാര്‍ക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്. മുന്നറിപ്പുകള്‍ നല്‍കിയിട്ടും സമയപരിധി നീട്ടി നല്‍കിയിട്ടും ഇതില്‍ 30 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കാന്‍ തയാറായത്. അതേസമയം, ഉപകരണ കുടിശ്ശിക തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതില്‍ 100 കോടി രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും പരിഹാരമാവു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. പണം കുറച്ചെങ്കിലും നല്‍കിയില്ലെങ്കില്‍ ഉപകരണം തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ മാസം വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജിന് എട്ടുകോടി രൂപയും വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. അന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 18 മാസത്തെ കുടിശികയായ 158 കോടി രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്റ്റോക്ക് വിതരണം നിര്‍ത്തിവച്ചിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായിരുന്നു.

Next Story

RELATED STORIES

Share it