Kerala

വയോജനങ്ങള്‍ക്കും രോഗികള്‍ക്കും അതീവ കരുതല്‍; റിവേഴ്സ് ക്വാറന്റൈന്‍ നടപടിയുമായി സര്‍ക്കാര്‍

കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതയും മരണ സാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തില്‍ കൊണ്ടുവരികയെന്നാണ് റിവേഴ്സ് ക്വാറന്റൈന്‍ കൊണ്ട് ഉദേശിക്കുന്നത്.

വയോജനങ്ങള്‍ക്കും രോഗികള്‍ക്കും അതീവ കരുതല്‍; റിവേഴ്സ് ക്വാറന്റൈന്‍ നടപടിയുമായി സര്‍ക്കാര്‍
X

തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ പിടിയില്‍ നിന്ന് വയോജനങ്ങളെയും മറ്റ് രോഗങ്ങളുള്ളവരെയും പ്രത്യേകം സംരക്ഷിക്കുന്ന റിവേഴ്സ് ക്വാറന്റൈന്‍ പ്രക്രിയയയ്ക്ക് സര്‍ക്കാര്‍ മുന്നൊരുക്കം ആരംഭിച്ചു. പ്രായമായവരില്‍ പതിനൊന്ന് ശതമാനത്തിന് അതീവ കരുതല്‍ വേണമെന്നാണ് കണ്ടെത്തല്‍. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോഴാണ് റിവേഴ്സ് ക്വാറന്റൈന്‍ കൂടുതല്‍ പ്രസക്തമാകുന്നത്. മാത്രമല്ല രാജ്യത്താകെ ഇളവ് ബാധകമാകുമ്പോള്‍ വന്‍തോതിലുള്ള പ്രവാസികളുടെ മടങ്ങിവരവും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതയും മരണ സാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തില്‍ കൊണ്ടുവരികയെന്നാണ് റിവേഴ്സ് ക്വാറന്റൈന്‍ കൊണ്ട് ഉദേശിക്കുന്നത്. പ്രായമായവര്‍, ഉയര്‍ന്ന ഡോസ് മരുന്ന് കഴിക്കുന്നവര്‍ , അര്‍ബുദ ചികിത്സയിലുള്ളവര്‍, ജന്മനാ പ്രതിരോധശേഷി കുറവുള്ളവര്‍ തുടങ്ങിയവരെയാണ് നിരീക്ഷണത്തിലാക്കുക. നാല്‍പത് വയസ്സില്‍ താഴെയുള്ളവരില്‍, ആയിരത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ്, രോഗം മൂര്‍ഛിക്കാനുള്ള സാധ്യത. ഹൃദ്രോഗം, പ്രമേഹം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളുള്ള ചെറുപ്പക്കാരിലും വയോജനങ്ങളിലും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഇവിടെയാണ് ദുര്‍ബല വിഭാഗങ്ങളെ പ്രത്യേകം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത.

സംസ്ഥാനത്താകെ 40 ലക്ഷം വയോജനങ്ങളാണുള്ളത്. അതില്‍ പതിന്നൊന്ന് ശതമാനമാണ് അതീവ കരുതല്‍ വേണ്ടവരെന്നാണ് അംഗനവാടി ടീച്ചര്‍മാരെ ഉപയോഗിച്ചുള്ള വിവരശേഖരണത്തിലൂടെ സാമൂഹിക ക്ഷേമ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. 89 ശതമാനം പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 59 ശതമാനം പേരും വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം പേര്‍ അര്‍ബുദ, ഹൃദ്രോഗ ചികിത്സയിലുള്ളവരാണ്. മരുന്നുകള്‍ കൈവശമില്ലാത്തവര്‍ക്ക് എത്തിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. പ്രായമായവര്‍ക്ക് സ്വന്തം വീട്ടിലോ നോക്കാനാളില്ലാത്തവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളിലോ സംരക്ഷണമൊരുക്കും. നിയന്ത്രണങ്ങള്‍ അയയുമ്പോള്‍ പുറത്തിറങ്ങുന്ന കുടുംബാംഗങ്ങളുമായും സന്ദര്‍ശകരുമായും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കും. രോഗപ്പകര്‍ച്ചയും മരണനിരക്കും പരമാവധി കുറയ്ക്കുകയാണ് റിവേഴ്സ് ക്വാറന്റൈനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it