Kerala

ഇഡിക്കെതിരേ തുറന്നപോരിനൊരുങ്ങി സര്‍ക്കാര്‍; കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് കേസെടുക്കാന്‍ നീക്കം

കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാനാണ് നീക്കം നടക്കുന്നത്. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എം എബ്രഹാമാണ് പരാതി നല്‍കിയത്.

ഇഡിക്കെതിരേ തുറന്നപോരിനൊരുങ്ങി സര്‍ക്കാര്‍; കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് കേസെടുക്കാന്‍ നീക്കം
X

തിരുവനന്തപുരം: കിഫ്ബിക്കെതിരേ അന്വേഷണവും ചോദ്യം ചെയ്യലുമായി രംഗത്തിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി തുറന്നപോരിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാനാണ് നീക്കം നടക്കുന്നത്. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എം എബ്രഹാമാണ് പരാതി നല്‍കിയത്.

ചോദ്യംചെയ്യലിന് വിളിച്ചുവരുത്തി കിഫ്ബിയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അഡീഷനല്‍ സെക്രട്ടറിയായ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കേസെടുക്കുന്നതടക്കം നിയമനടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മാന്യതയുടെ അതിരുലംഘിക്കുന്ന പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരില്‍നിന്നുമുണ്ടായത്. ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനിരയാവുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമമുണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊക്കെ ഇഡിക്കെതിരേ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണെന്നതിന്റെ സൂചനകളാണ്.

മുമ്പ് പ്രോട്ടോക്കോള്‍ ഓഫിസിലെ ഉദ്യോഗസ്ഥനും സമാനപരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇഡിക്കെതിരേ കേസെടുക്കുന്നത് ഉചിതമല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ പരാതിയില്‍ മുഖ്യമന്ത്രി സമ്മതം നല്‍കിയാല്‍ പോലിസ് കേസെടുക്കും. ഇത് കേന്ദ്ര ഏജന്‍സിയും സംസ്ഥാന സേനയും തമ്മിലെ ഏറ്റുമുട്ടലിനു വഴിതെളിക്കും.

Next Story

RELATED STORIES

Share it