Kerala

കൊടി സുനിയിലെത്തുമ്പോൾ വഴിമുട്ടുന്ന സ്വർണക്കള്ളക്കടത്ത് കേസുകൾ

2016 ജൂലയിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നു. വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തത്

കൊടി സുനിയിലെത്തുമ്പോൾ വഴിമുട്ടുന്ന സ്വർണക്കള്ളക്കടത്ത് കേസുകൾ
X

കോഴിക്കോട്: ചില ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതിനാൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഭവങ്ങളിൽ ആസൂത്രണം നടത്തുന്നവർ എപ്പോഴും രക്ഷപ്പെടാറാണ് പതിവ്. രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിലേക്ക് എത്തിയതിന് പിന്നാലെ അന്വേഷണം ഇഴയുന്നതായുള്ള റിപോർട്ടുകളാണ് പുറത്തുവരുന്നത്.

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജ്ജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച സ്ഥലത്തിന്നു നിന്നും മാറ്റിയ സംഭവം വിവാദമായി. ഇന്ന് രാവിലെ ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തയിരുന്നു. കണ്ണൂരിലെ പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാർ കണ്ടെത്തിയത്. എന്നാൽ കാർ കസ്റ്റഡിയിലെടുക്കാൻ വിവരമറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ കാർ അവിടെയില്ലായിരുന്നു. പോലിസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം മാറ്റിയത്.

സ്വർണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ എത്തിയതായി തെളിഞ്ഞിരന്നു. അപകടം നടക്കുമ്പോൾ സ്വർണം കടത്താൻ എത്തിയ സംഘം സഞ്ചരിച്ച കാറാണിത്. കൊടി സുനിയുമായി ബന്ധമുള്ള സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുവാനെത്തിയ സംഘത്തിന് എതിരേ പ്രത്യക്ഷ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിന് പിന്നിലുള്ള കാരണവും ഇതാണ് എന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.

2016 ജൂലയിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നു. വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പോലിസിന്റെ നിഗമനം. ഇതിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കൊടി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തെങ്കിലും ഇതുവരെ പ്രതിചേർക്കാൻ കഴിഞ്ഞില്ല.

ചൊക്ലി സ്വദേശിയുടെ പേരിലെടുത്ത സിംകാർഡ്‌ ഉപയോഗിച്ച് രാപകൽ ഭേദമില്ലാതെ കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പോലിസ് അന്ന് ജയിൽ എഡിജിപിക്ക് റിപോർട്ട് നൽകിയെങ്കിലും അതിലും റെയ്ഡിനു പോലും തയാറായില്ല. പിന്നീട് കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണർ പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവർച്ച നടത്തിയ ദിവസം തന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വർണവും തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയിരുന്നതായും അന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പിന്നീട് തിരുനെല്ലിയിൽ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലിൽ ആസൂത്രണം നടത്തി. കർണാകടയിൽ നിന്ന് സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽ നിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയിൽ പത്തുലക്ഷം ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിർമിക്കാൻ ലഭിച്ചുവെന്നും പോലിസ് പറഞ്ഞു.

ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരിൽ നിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയർ അഭിഭാഷകരാണ് ഒട്ടേറെ കേസുകളിൽ കോടതിയിൽ ഹാജരായത്. ഇത് കൊടി സുനി ഏർപ്പാട് ചെയ്ത് കൊടുത്തതാണെന്നും പോലിസ് കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it