Kerala

സ്വര്‍ണക്കടത്ത് കേസ്: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം; ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ന്

സ്വര്‍ണക്കടത്ത് കേസ്: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം; ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ന്
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കുന്നതിന് പകരം ചട്ടങ്ങള്‍ മറികടന്ന് സമാന്തര അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനിടെ, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it