Kerala

സ്വര്‍ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കുക; സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപിഐ പ്രതിഷേധ മാര്‍ച്ച്

കൊവിഡ് രോഗവ്യാപന ഭീതി ചിലര്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുന്നു. പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും പ്രഭാഷണങ്ങളും നടത്താനാവുമല്ലോ. ജനങ്ങളുടെ പ്രതിഷേധം തെല്ലും ഭയപ്പെടാതെ ഭരണ സിരാകേന്ദ്രത്തിലിരുന്ന് ഇമ്പമാര്‍ന്ന ശൈലിയില്‍ പ്രഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി.

സ്വര്‍ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കുക; സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപിഐ പ്രതിഷേധ മാര്‍ച്ച്
X

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ പ്രില്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോഴും സംശയത്തിന്റെ നിഴലിലുമുള്ള ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നെന്നും ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്‌ന മൊഴി നല്‍കിയിരിക്കുകയാണ്.

സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിവെട്ടേറ്റ് തകര്‍ന്നതിന്റെയും പ്രോട്ടോക്കോള്‍ ഓഫിസില്‍ തീപ്പിടുത്തമുണ്ടായതിന്റെയും പിന്നിടെ ഗൂഢാലോചന സംബന്ധിച്ച് സംശയം ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. സ്വപ്‌നയുടെ സ്പേസ് പാര്‍ക്കിലെ നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് വിവാദമായതിനു ശേഷമാണ് അറിഞ്ഞതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രിയുടെ തന്നെ സ്ഥിരം പല്ലവി തിരിഞ്ഞുകുത്തിയിരിക്കുകയാണ്. അതിനാലാണ് ഇന്നലെ പതിവ് മാരത്തോണ്‍ വാര്‍ത്താസമ്മേളനം പോലും മുഖ്യമന്ത്രി ഉപേക്ഷിച്ചത്.

കൊവിഡ് രോഗവ്യാപന ഭീതി ചിലര്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുന്നു. പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും പ്രഭാഷണങ്ങളും നടത്താനാവുമല്ലോ. ജനങ്ങളുടെ പ്രതിഷേധം തെല്ലും ഭയപ്പെടാതെ ഭരണ സിരാകേന്ദ്രത്തിലിരുന്ന് ഇമ്പമാര്‍ന്ന ശൈലിയില്‍ പ്രഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി. അഴിമതിയുടെ ദുര്‍ഗന്ധം മൂലം സംസ്ഥാനത്ത് പുറത്തിറങ്ങാനാവുന്നില്ല. ധാര്‍മികത അല്‍പ്പമെങ്കിലുമുണ്ടെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാളയത്തുനിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമാപിച്ചു. എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന, എസ് ഡിടിയു ജില്ലാ പ്രസിഡന്റ് നിസാര്‍ സലിം സംസാരിച്ചു. പാളയം ബാദുഷാ ജാഫര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it