Kerala

മുഖ്യമന്ത്രിയുടെ നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനം ഉദ്ഘാടനത്തിന് ഗണപതി ഹോമം; വിവാദം

രാവിലെ 9.30നാണു മില്ലിന്റെ പ്രവര്‍ത്തനം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തത്

മുഖ്യമന്ത്രിയുടെ നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനം ഉദ്ഘാടനത്തിന് ഗണപതി ഹോമം; വിവാദം
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ് സ്ഥാപനത്തിനുള്ളില്‍ ഗണപതി ഹോമം നടത്തിയത് വിവാദമാവുന്നു. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനു കീഴില്‍ പിണറായില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹൈ ടെക് വീവിങ് മില്ലിനുള്ളിലാണ് ഗണപതി ഹോമം നടത്തിയത്. ഉദ്ഘാടനത്തിനു മുമ്പ് പുലര്‍ച്ചെ 3ന് ആരംഭിച്ച ഹോമം 5 മണിക്കാണ് സമാപിച്ചത്. പിണറായി തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ശാന്തിയാണ് ഹോമത്തിനു കാര്‍മികത്വം വഹിച്ചത്. രാവിലെ 9.30നാണു മില്ലിന്റെ പ്രവര്‍ത്തനം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തത്.


ഇടതുപക്ഷ സര്‍ക്കാരിനു കീഴിലെ സ്ഥാപനത്തില്‍ ഗണപതി ഹോമം നടത്തിയത് പാര്‍ട്ടി അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഹോമം നടത്തിയതിന്റെ പ്രസാദം ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് കഴിക്കാന്‍ ലഭിച്ചപ്പോഴാണ് വിവരം പുറത്തായത്. എന്നാല്‍ മില്ലിനുള്ളില്‍ ഹോമവോ പൂജയോ നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വാദം. നേരത്തേ ചീമേനി തുറന്ന ജയിലില്‍ പൂജ നടത്തിയത് വിവാദമായിരുന്നു. പ്രവര്‍ത്തകര്‍ ഗൃഹപ്രവേശനത്തിനു ഗണപതി ഹോമം നടത്തരുതെന്നു സംസ്ഥാന സമ്മേളനരേഖയില്‍ വ്യക്തമാക്കുന്ന സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന പരിപാടിയില്‍ ഹോമം നടത്തിയത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it