Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 കിലോ സ്വര്‍ണവുമായി നാലുപേര്‍ പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 കിലോ സ്വര്‍ണവുമായി നാലുപേര്‍ പിടിയില്‍
X

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 11 കിലോ സ്വര്‍ണവുമായി നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ്(ഡിആര്‍ഐ) പിടികൂടി. കണ്ണൂര്‍ മൊകേരി സ്വദേശി അംസീര്‍, വയനാട് പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുല്ല, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് പിടികൂടിയത്. സ്വര്‍ണത്തിനു 4.15 കോടി രൂപയോളം വിലവരും. മൈക്രോവേവ് ഓവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ് മെഷീന്‍ എന്നിവയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ ദുബയ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നു വ്യത്യസ്ത വിമാനങ്ങളിലെത്തിയവരെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.

ഡിആര്‍ഐയുടെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ യൂനിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.2 കിലോ ഗ്രാം സ്വര്‍ണത്തിനു പുറമെ കോഴിക്കോട് ജില്ലയില്‍ നിന്ന് 3.2 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഇതനുസരിച്ച് ഇന്നുമാത്രം 15 കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തില്‍ നിന്നു പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് 3.2 കിലോ സ്വര്‍ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ദുബയില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നു 2.900 കിലോഗ്രാം സ്വര്‍ണവും രാവിലെ 9ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നും സ്വര്‍ണം പിടികൂടുകയായിരുന്നു. ദുബയ് യാത്രക്കാരന്‍ മൈക്രോ വേവ് ഓവനില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും സ്വര്‍ണ ബിസ്‌കറ്റുകളാണ് കണ്ടെത്തിയത്.




Next Story

RELATED STORIES

Share it