Kerala

വീട്ടില്‍ സൂക്ഷിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

പുതുവര്‍ഷം പ്രമാണിച്ച് മേഖലയില്‍ 'പാര്‍ട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന എംഡിഎംഎ വ്യാപകമായി വിറ്റഴിച്ചതായി ഇയാള്‍ മൊഴി നല്‍കി. ബംഗളൂരു കലാസിപാളയത്തുനിന്നാണ് ഇയാള്‍ മയക്കുമരുന്നുകള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാര്‍ മുഖേന ചെറുപൊതികളിലാക്കി വില്‍പന നടത്തും.

വീട്ടില്‍ സൂക്ഷിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
X

മലപ്പുറം: കൊണ്ടോട്ടയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിലായി. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടി ഒഴുകൂര്‍ മലയത്തോട്ടത്തില്‍ സ്വദേശി കച്ചേരിക്കല്‍ വീട്ടില്‍ പി കെ ഷഫീഖിനെ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷും സംഘവും അറസ്റ്റുചെയ്തത്. ന്യൂ ഇയര്‍ പ്രമാണിച്ച് ഇയാളുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി മേഖലയില്‍നിന്ന് കോഴിക്കോട് ജില്ലയിലേക്ക് ഉള്‍പ്പടെ വ്യാപകമായി മയക്കുമരുന്നുകള്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ വീട്ടില്‍വച്ച് വില്‍പനയ്ക്കായി മയക്കുമരുന്നുകള്‍ ചെറുപൊതികളിലാക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഇയാളില്‍നിന്ന് 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എംഡിഎംഎയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി.

പുതുവര്‍ഷം പ്രമാണിച്ച് മേഖലയില്‍ 'പാര്‍ട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന എംഡിഎംഎ വ്യാപകമായി വിറ്റഴിച്ചതായി ഇയാള്‍ മൊഴി നല്‍കി. ബംഗളൂരു കലാസിപാളയത്തുനിന്നാണ് ഇയാള്‍ മയക്കുമരുന്നുകള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാര്‍ മുഖേന ചെറുപൊതികളിലാക്കി വില്‍പന നടത്തും. ബൈക്കില്‍ കറങ്ങിനടന്ന് വില്‍പ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്‌സ് ഇയാള്‍ക്ക് സഹായികളായുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സംഘാംഗങ്ങളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നിലവിലുള്ള എന്‍ഡിപിഎസ് നിയമപ്രകാരം അരഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശംവച്ച് പിടിക്കപ്പെട്ടാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്നതും 10 ഗ്രാമിന് മുകളില്‍ കൈവശം വയ്ക്കുന്നത് 20 വര്‍ഷംവരെ തടവ് ലഭിക്കാവുന്നതുമായ കുറ്റവുമാണ്.

ബംഗളൂരുവിലും ഗോവയിലും താമസിക്കുന്ന ആഫ്രിക്കന്‍ സ്വദേശികളാണ് ഇത്തരം മാരകമരുന്നുകള്‍ സ്വന്തമായി നിര്‍മിച്ച് മലയാളികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഏജന്റുമാരിലൂടെ കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ വിറ്റഴിക്കുന്നത്. കഞ്ചാവും ബ്രൗണ്‍ഷുഗറും വിറ്റഴിക്കുന്നതിന് പ്രത്യേകം ഏജന്റുമാരുണ്ട്. കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ആവശ്യക്കാര്‍ക്ക് 1000 രൂപ നിരക്കില്‍ ബ്രൗണ്‍ഷുഗറിന്റെ ചെറുപൊതികള്‍ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ്, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഓഫിസര്‍ ടി ഷിജുമോന്‍ എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ പി ഇ ഹംസ, പി മധുസൂദനന്‍, എം വിജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജന്‍ നെല്ലിയായി, കെ പ്രദീപ്, ഉമ്മര്‍കുട്ടി, കെ പി സാജിദ്, ഇ നുഷൈര്‍, ടി ശ്രീജിത്ത്, പി കെ രജിലാല്‍, ഷബീര്‍ അലി, അഹമ്മദ് റിഷാദ്, പി സജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മഞ്ചേരിയിലെ പ്രത്യേക നാര്‍ക്കോട്ടിക് കോടതി മുമ്പാകെ പ്രതിയെ ഹാജരാക്കും. കഴിഞ്ഞദിവസം അരീക്കോട് മൈത്ര പാലത്തില്‍നിന്ന് എംഡിഎംഎയുമായി കാവനൂര്‍ സ്വദേശി ആദില്‍ റഹ്മാനെ പിടികൂടിയതിനെ തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണമാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള വന്‍മയക്കുമരുന്ന് മാഫിയയിലെത്തിയത്.

Next Story

RELATED STORIES

Share it