Kerala

സിപിഎമ്മിനുള്ളില്‍ നേരിട്ടത് കടുത്ത ജാതി വിവേചനം; വെളിപ്പെടുത്തലുമായി പാര്‍ട്ടി വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം

അടിമയോടെന്ന പോലെയാണ് തന്നോട് പെരുമാറിയത്. ജില്ലാ പഞ്ചായത്തിന്റെ പരിപാടികളില്‍ പോലും തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ദലിത് വിഭാഗങ്ങള്‍ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവര്‍ണമുഖം തിരിച്ചറിയണമെന്നും ബിനു പറയുന്നു.

സിപിഎമ്മിനുള്ളില്‍ നേരിട്ടത് കടുത്ത ജാതി വിവേചനം; വെളിപ്പെടുത്തലുമായി പാര്‍ട്ടി വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം
X

കൊല്ലം: സിപിഎമ്മിനുള്ളില്‍ തനിക്ക് നേരിടേണ്ടിവന്നത് കടുത്ത ജാതിവിവേചനമാണെന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം കെ സി ബിനുവിന്റെ വെളിപ്പെടുത്തല്‍. കൊല്ലത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചു. അടിമയോടെന്ന പോലെയാണ് തന്നോട് പെരുമാറിയത്. ജില്ലാ പഞ്ചായത്തിന്റെ പരിപാടികളില്‍ പോലും തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ദലിത് വിഭാഗങ്ങള്‍ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവര്‍ണമുഖം തിരിച്ചറിയണമെന്നും ബിനു പറയുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ എടാ പോടാ എന്നാണ് വിളിക്കുക. സഖാവെ എന്ന് വിളിക്കാറില്ല. അല്ലാതെ സഖാവ് എന്ന് വിളിക്കണമെങ്കില്‍ ചിലരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കണം. നാവുണ്ടെങ്കിലും ശബ്ദിക്കാനോ ചോദ്യം ചോദിക്കാനോ പാര്‍ട്ടിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിയില്ല. ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ടുപോവാന്‍ കഴിയുകയുള്ളൂ. ഇപ്പോഴും ജന്‍മി- കുടിയാന്‍ വ്യവസ്ഥതിയാണെന്നാണ് ജില്ലയിലെ പല മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. അഞ്ചല്‍ ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു കെ സി ബിനു.

തന്റെ ഡിവിഷനിലെ സ്‌കൂളിലെ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസില്‍ പേര് വയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്നാണോ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത് എന്നൊക്കെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ചോദിച്ചത്. തന്നെ ജില്ലാ പഞ്ചായത്ത് പരിപാടികളില്‍ നിന്നടക്കം മാറ്റിനിര്‍ത്തിയിട്ടുണ്ട്. പൊതുവേദികളില്‍ ജനപ്രതിനിധികളാണെങ്കില്‍ പോലും താഴ്ന്ന ജാതിക്കാരാണെങ്കില്‍ വേദിയില്‍ കയറ്റി ഇരുത്താറില്ല. അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ കൊല്ലത്തെ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

ദലിതനായ പ്രതിനിധി ജില്ലാ പഞ്ചായത്തില്‍ വടയും ചായയും കുടിക്കാന്‍ വന്നതാണെന്ന തരത്തിലാണ് നേതാക്കള്‍ പെരുമാറാറുള്ളത്. ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തിരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത്.. കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണ്. പാര്‍ട്ടിയില്‍നിന്ന് നീതി ലഭിക്കില്ലെന്ന കാരണം കൊണ്ടാണ് പാര്‍ട്ടിവിട്ടതെന്നും ബിനു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിട്ടതിനുശേഷം അഞ്ചല്‍ പഞ്ചായത്തിലെ അലയമണ്‍ ബ്ലോക്ക് ഡിവിഷനില്‍നിന്ന് സ്വതന്ത്രനായി മല്‍സരിക്കുകയാണ് കെ സി ബിനു.

Next Story

RELATED STORIES

Share it