Kerala

സമാന്തര കമ്മിറ്റി രൂപീകരണവും ലീഗ് യോഗത്തിലെ സംഘര്‍ഷവും; പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍

സമാന്തര കമ്മിറ്റി രൂപീകരണവും ലീഗ് യോഗത്തിലെ സംഘര്‍ഷവും; പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍
X

കണ്ണൂര്‍: പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലാ മുസ്‌ലിം ലീഗ് ഓഫിസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. തളിപ്പറമ്പ് മുസ്‌ലിം ലീഗില്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കിയ മുഹമ്മദ് അള്ളാംകുളം വിഭാഗത്തിലെ അഞ്ചുപേരെ ജില്ലാ കമ്മിറ്റി സസ്‌പെന്റ് ചെയ്തു. ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി നേതാക്കളെ പൂട്ടിയിടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്ത പി കെ സുബൈര്‍ വിഭാഗത്തിലൈ അഞ്ചുപേരെയും സസ്‌പെന്റ് ചെയ്തു.

തളിപ്പറമ്പില്‍ വിഭാഗീയപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പി കെ സുബൈറിനോടും വിശദീകരണം ചോദിച്ചു. പാര്‍ട്ടി രഹസ്യം ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് സമാന്തരമായി കമ്മിറ്റി രൂപീകരിക്കുകയും അത് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരില്‍ പി എ സിദ്ദീഖ് (ഗാന്ധി), കെ മുഹമ്മദ് ബഷീര്‍, പി എം മുസ്തഫ, പി പി ഇസ്മയില്‍, സി മുഹമ്മദ് സിറാജ് എന്നിവരെയും ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫിസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതതിന്റെ പേരില്‍ പറമ്പില്‍ അബ്ദുറഹിമാന്‍, എന്‍ യു ശഫീഖ് മാസ്റ്റര്‍, ഓലിയന്‍ ജാഫര്‍, കെ പി നൗഷാദ്, ബപ്പു അഷ്‌റഫ് എന്നിവരെയുമാണ് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്.

മുനിസിപ്പല്‍ മുസ്‌ലിം ലീഗിന് സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മിറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങള്‍ രണ്ടുദിവസത്തിനകം രാജിവച്ച് ജില്ലാ കമ്മിറ്റിക്ക് റിപോര്‍ട്ട് ചെയ്യാനും അല്ലാത്ത പക്ഷം അവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യാനും യോഗം തീരുമാനിച്ചു. തളിപ്പറമ്പിലെ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അള്ളാംകുളം മഹമൂദ്, പി കെ സുബൈര്‍, സി പി വി അബ്ദുള്ള, പി മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ക്ക് അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 3 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.

പത്ര- ദൃശ്യ മാധ്യമങ്ങളില്‍ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്ത നല്‍കുന്നവരെയും പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെയും കണ്ടെത്താന്‍ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ: എസ് മുഹമ്മദ്, ടി എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി, കെ ടി സഹദുള്ള, അഡ്വ: കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എം പി എ റഹിം പങ്കെടുത്തു.

Next Story

RELATED STORIES

Share it