Kerala

പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; യൂനിഫോമുകള്‍ തയ്യാര്‍

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂനിഫോമുകളുടെ ആദ്യഘട്ട വിതരണത്തിനുളള തുണികള്‍ പറവൂരിലെ നാല് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നായി പോയിക്കഴിഞ്ഞു.സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ സൗജന്യമായി നല്‍കും

പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; യൂനിഫോമുകള്‍ തയ്യാര്‍
X

കൊച്ചി: കഴിഞ്ഞ ആഗസ്തില്‍ കേരളത്തെ ആകെ പിന്നോട്ടടിച്ച പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. പ്രളയത്തില്‍ ആകെ തകര്‍ന്നു പോയെങ്കിലും നിശ്ചയ ദാര്‍ഢ്യത്തിന്റെ പിന്‍ബലത്തില്‍ മുന്നേറി ഒടുവില്‍ അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുത്തന്‍ യൂനിഫോം തുണികള്‍ തയാറാക്കിയിരിക്കുകയാണ് ചേന്ദമംഗലം കൈത്തറി. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂനിഫോമുകളുടെ ആദ്യഘട്ട വിതരണത്തിനുളള തുണികള്‍ പറവൂരിലെ നാല് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നായി പോയിക്കഴിഞ്ഞു.2016 മുതലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം തുണികള്‍ ചേന്ദമംഗലത്ത് നെയ്തു തുടങ്ങിയത്. നെയ്ത്ത് സഹകരണ സംഘങ്ങളില്‍ തയ്യാറാകുന്ന യൂനിഫോമുകള്‍ ഹാന്‍ടെക്സിലേക്കാണ് കൊണ്ടു പോകുന്നത്. ചേന്ദമംഗലത്ത് തയ്യാറാക്കുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള തുണികള്‍, സ്‌കൂളുകളിലെ വ്യത്യസ്ത തരം യൂനിഫോമുകള്‍ അനുസരിച്ച് നിറത്തിലും പാറ്റേണുകളിലും ഹാന്‍ടെക്സ് മാറ്റം വരുത്തും. പിന്നീട് സ്‌കൂളുകളിലേക്ക് അവിടെ നിന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ സൗജന്യമായി നല്‍കും.

ഓരോ കൈത്തറി സംഘങ്ങളിലുമുള്ള തറികളുടെ എണ്ണം അനുസരിച്ചാണ് യൂനിഫോമുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുന്നത്. പറവൂരിലെ നാല് കൈത്തറി സഹകരണ സംഘങ്ങള്‍ കൂടാതെ കുര്യാപ്പിള്ളി, ചെങ്ങമനാട്, ചെറായി, കുഴുപ്പിള്ളി, മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവയാണ് യൂനിഫോം തയ്യാറാക്കുന്ന ജില്ലയിലെ മറ്റ് കൈത്തറി സംഘങ്ങള്‍. സര്‍ക്കാരാണ് നെയ്യുന്നതിനുള്ള നൂലും തൊഴിലാളികള്‍ക്ക് കൂലിയും നല്‍കുന്നത്. യാണ്‍ ബാങ്കുകള്‍ വഴിയാണ് നൂലുകള്‍ കൈത്തറി സംഘങ്ങളില്‍ എത്തുക. മറ്റ് തുണിത്തരങ്ങള്‍ നെയ്യുന്നതിനേക്കാള്‍ മികച്ച വേതനമാണ് യൂനിഫോം നിര്‍മ്മാണ തൊഴിലാളിക്ക് ലഭിക്കുന്നത്.വേതനത്തിന്റെ 60% തൊഴിലാളിയുടെ അക്കൗണ്ടിലേക്കും 40% സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്കുമാണ് എത്തുന്നത്. സംഘത്തിന് ലഭിക്കുന്ന തുകയില്‍ നിന്നും ത്രിഫ്റ്റ്, ഇ.എസ്.ഐ, കോണ്‍ട്രിബ്യൂട്ടറി ത്രിഫ്റ്റ് ഫണ്ട് എന്നിവ പിടിച്ച ശേഷം ബാക്കി തുക തൊഴിലാളികള്‍ക്ക് തന്നെ നല്‍കും. പറവൂരിലെ നാല് സംഘങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ ഭാഗമായി, യൂനിഫോം വില്‍പനയുടെ ലാഭത്തില്‍ നിന്നും 20 രൂപ അധികമായും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. പ്രളയത്തിന് ശേഷം ഒരു മാസത്തോളം തറികള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. സഹകരണ സംഘങ്ങളും അടച്ചിടേണ്ടി വന്നു. യൂനിഫോമുകള്‍ നെയ്യുന്ന നാല് വീടുകളിലെ തറികള്‍ പ്രളയത്തില്‍ നശിച്ചു. നൂലുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും വെള്ളത്തില്‍ മുങ്ങി. സര്‍ക്കാരിന്റെയും കൈത്തറി സംഘങ്ങളുടേയും തൊഴിലാളികളുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൈത്തറി തിരിച്ചു വന്നു. പാഴായിപ്പോയ ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ രാത്രിയും പകലുമായി തീര്‍ത്ത് ലഭിച്ച എല്ലാ ഓര്‍ഡറുകളും ഏപ്രില്‍ മാസത്തോടെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഓര്‍ഡറുകളുടെ നെയ്ത്ത് ജോലികള്‍ ആരംഭിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it