Kerala

മല്‍സ്യബന്ധനവും വിപണനവും: രണ്ടുഘട്ടമായി ഇളവുകള്‍ നല്‍കും

മുഴുവന്‍ മല്‍സ്യബന്ധനയാനങ്ങളും പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ റിപോര്‍ട്ട് ചെയ്യണം. മല്‍സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരം നല്‍കുകയും വേണം.

മല്‍സ്യബന്ധനവും വിപണനവും: രണ്ടുഘട്ടമായി ഇളവുകള്‍ നല്‍കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്ന സാഹചര്യത്തിലും മല്‍സ്യം അവശ്യ ആഹാരമാണെന്നത് പരിഗണിച്ചും മെയ് ഒന്ന്, നാല് തിയ്യതികള്‍ മുതല്‍ രണ്ടുഘട്ടമായി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മല്‍സ്യബന്ധനത്തിനും വിപണനത്തിനും ഇളവുകള്‍ അനുവദിച്ച് ഉത്തരവായി. മുഴുവന്‍ മല്‍സ്യബന്ധനയാനങ്ങളും പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ റിപോര്‍ട്ട് ചെയ്യണം. മല്‍സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരം നല്‍കുകയും വേണം.

മെയ് ഒന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തില്‍ തട്ടുമടി ഉള്‍പ്പെടെയുള്ള ബോട്ട് സീന്‍ നെറ്റ് ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതിന് 32 അടി വരെ നീളമുള്ളതും 25 എച്ച്പി വരെ എന്‍ജിന്‍ ഘടിപ്പിച്ചതും ഓരോ വള്ളത്തിലും പരമാവധി 5 മല്‍സ്യത്തൊഴിലാളികള്‍ മാത്രമുള്ളതുമായ രണ്ട് വള്ളങ്ങള്‍ വരെ ഉപയോഗിക്കാം. ഇലക്ട്രിക്കല്‍ ലൈറ്റ് ഉപയോഗിക്കരുത്. കരമടി ഉള്‍പ്പെടെയുള്ള ഷോര്‍ സീന്‍ നെറ്റ് ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതിന് കമ്പയുടെ ഓരോ അഗ്രത്തിലും 12 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരുമീറ്റര്‍ അകലം പാലിക്കണം. കേരള രജിസ്ട്രേഷനുള്ള 32 അടിക്ക് മുകളില്‍ 45 അടി വരെ ഒഎഎല്‍ വരുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് പരമാവധി ഏഴ് മല്‍സ്യത്തൊഴിലാളികളുമായി ഏകദിന മല്‍സ്യബന്ധനം നടത്താം.

മെയ് നാലിന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ കേരള രജിസ്ട്രേഷനുള്ള യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് പരമാവധി 10 മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മല്‍സ്യബന്ധനം നടത്താം. രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മല്‍സ്യബന്ധനം നടത്താം. വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ക്ക് ഞായറാഴ്ച മല്‍സ്യബന്ധനം നടത്താന്‍ അനുമതി നല്‍കും.

റിങ് സീനര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത യാനങ്ങള്‍ക്കും ഇന്‍ബോഡ് വള്ളങ്ങള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മല്‍സ്യബന്ധനം നടത്താം. രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുനന യാനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മല്‍സ്യബന്ധനം നടത്താം. വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ക്ക് ഞായറാഴ്ച മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. റിങ് സീന്‍ യാനങ്ങളില്‍ പരമാവധി 20 മല്‍സ്യത്തൊഴിലാളികള്‍ മാത്രമേ പാടുള്ളൂ. വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

Next Story

RELATED STORIES

Share it