Kerala

ഫയര്‍എന്‍ജിന്‍ പരിശോധിക്കാന്‍ വര്‍ക്ക്‌ഷോപ്പിലെത്തി; യുവാവിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി സുരേഷ്‌കുമാര്‍

ടാങ്കിനകത്ത് പെയിന്റ് ചെയ്യുന്നതിനിടയില്‍ ശ്വാസതടസ്സം വന്ന് അബോധാവസ്ഥയിലായ നിഷാദ് വീഴുകയായിരുന്നു. അതേസമയം, വര്‍ക്ക് ഷോപ്പില്‍ പാച്ച് വാര്‍ക്കിനായി ഏല്‍പ്പിച്ച ഫയര്‍ഫോഴ്‌സിന്റെ വാഹനം പരിശോധിക്കുന്നതിനായി എത്തിയ സുരേഷ് കുമാര്‍ നിഷാദിന്റെ രക്ഷകനാകുകയായിരുന്നു.

ഫയര്‍എന്‍ജിന്‍ പരിശോധിക്കാന്‍ വര്‍ക്ക്‌ഷോപ്പിലെത്തി;  യുവാവിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി സുരേഷ്‌കുമാര്‍
X

മഞ്ചേരി: അറ്റകുറ്റപ്പണിക്കായി ഏല്‍പ്പിച്ച ഫയര്‍ഫോര്‍സിന്റെ വാഹനം പരിശോധിക്കാന്‍ വര്‍ക്ക് ഷോപ്പില്‍ എത്തിയ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ എം സുരേഷ് കുമാര്‍ രക്ഷകനായി. മരണം മുന്നില്‍ കണ്ട മലപ്പുറം കാട്ടിങ്ങല്‍ സ്വദേശി പടിക്കമണ്ണില്‍ നിഷാദ് എന്ന 21 കാരനെയാണ് സുരേഷ്‌കുമാര്‍ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പില്‍ പെയിന്റിങ് പാച്ച് വര്‍ക്കുകള്‍ക്ക് ഏല്‍പ്പിച്ച ടാങ്കര്‍ ലോറിയുടെ ടാങ്കിനകത്ത് കയറിയതായിരുന്നു നിഷാദ്. ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാവുന്ന ടാങ്കറിനകത്ത് പെയ്ന്റടിക്കുന്നതിനായാണ് നിഷാദ് ഇറങ്ങിയത്.

ടാങ്കിനകത്ത് പെയിന്റ് ചെയ്യുന്നതിനിടയില്‍ ശ്വാസതടസ്സം വന്ന് അബോധാവസ്ഥയിലായ നിഷാദ് കുഴഞ്ഞ് വീഴുകയായിരുന്നു. അതേസമയം, വര്‍ക്ക് ഷോപ്പില്‍ പാച്ച് വാര്‍ക്കിനായി ഏല്‍പ്പിച്ച ഫയര്‍ഫോഴ്‌സിന്റെ വാഹനം പരിശോധിക്കുന്നതിനായി എത്തിയ സുരേഷ് കുമാര്‍ നിഷാദിന്റെ രക്ഷകനാകുകയായിരുന്നു. സുരേഷ് കുമാറിന്റെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് നിഷാദിന് ജീവന്‍ തിരിച്ചുകിട്ടിയത്.

ശ്വാസതടസ്സം നേരിട്ട് ബോധരഹിതനായി പെയിന്റില്‍ കുളിച്ച നിലയിലാണ് നിഷാദിനെ കാണുന്നത്. ടാങ്കില്‍ മറ്റൊരാള്‍ക്കിറങ്ങിച്ചെല്ലാനുള്ള സൗകര്യവുമില്ലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരേഷ് കുമാര്‍ വര്‍ക്ക്‌ഷോപ്പിലെ കംപ്രഷര്‍ ഉപയോഗിച്ച് ടാങ്കിനകത്തേക്ക് വായു പ്രവഹിപ്പിച്ച് യുവാവിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യമൊരുക്കി. തുടര്‍ന്ന് ടാങ്കിലേക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ തലകീഴായി തൂങ്ങിനിന്ന് നിഷാദിന്റെ കാലില്‍ കയറുപയോഗിച്ച് കുരുക്കിട്ട് പ്രവേശന ദ്വാരത്തിലേക്കെത്തിച്ച ശേഷം തലകീഴായി വര്‍ക്ക്‌ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ ഉയര്‍ത്തി പുറത്തേക്കെടുക്കുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം നിഷാദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എത്തിച്ചു. യുവാവ് സുഖം പ്രാപിച്ച് വരുന്നു.

മഞ്ചേരി ഫയര്‍സ്‌റ്റേഷ നിന്‍ നിന്നും അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിരുന്നു.

Next Story

RELATED STORIES

Share it