Kerala

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്
X

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദലിസ് സഹോദരിമാര്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ഇതിനുള്ള അപ്പീല്‍ ഫയല്‍ ചെയ്യും. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും.

അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തുതരാമെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നേരിട്ട് ഉറപ്പുതന്നിട്ടുണ്ട്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോവുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോവാന്‍ ഇപ്പോഴും കഴിയുമല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കോടതി ഉത്തരവിനെതിരേ സര്‍ക്കാരിനും പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, കേന്ദ്ര ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിക്കുമെന്നകാര്യം അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇക്കാര്യം ആരും തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിക്കാനെത്തുന്ന ദിവസംതന്നെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it