Kerala

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി അറസ്റ്റില്‍

വോട്ടര്‍ പട്ടികയില്‍ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫിസര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചത്.

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി അറസ്റ്റില്‍
X

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വോര്‍ക്കടി പാത്തൂര്‍ 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയാണ് പോലിസ് പിടിയിലായത്.

യുവതി തന്റെ അതേ പേരുള്ള മറ്റൊരാളുടെ വോട്ടര്‍ സ്ലിപ്പുമായി വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു. യുവതിക്ക് 42 ാം നമ്പര്‍ ബൂത്തില്‍ വോട്ടില്ല. ഇവര്‍ക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. ബൂത്ത് ഏജന്റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പോലിസിനെ വിളിച്ചത്.

ഇവര്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയപ്പോള്‍ ബൂത്ത് ഏജന്റുമാര്‍ ഇതിനെ എതിര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫിസര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചത്. വോട്ടര്‍പട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് റിട്ടേർണിംഗ് ഓഫിസര്‍ പോലിസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസെത്തി രേഖകള്‍ പരിശോധിച്ച് ശേഷം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം നബീസയെ കസ്റ്റഡിയിലെടുത്ത നടപടി ശരിയല്ലെന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്‌നമായത്. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയതാണ് കാരണം അല്ലാതെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമല്ലന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണങ്കില്‍ സ്വന്തം ഐഡി കാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താന്‍ ചോദിച്ചു. പക്ഷേ ഇപ്പോള്‍ കസ്റ്റഡിയിലുള്ള നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്നത് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it