Kerala

എംഎല്‍എക്ക് പറ്റിയ അമളി; കേന്ദ്രീയവിദ്യാലയം സര്‍ക്കാര്‍ സ്‌കൂളല്ലത്രേ

മാസം 200 രൂപ മാത്രം അധ്യാപന ഫീസുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് മകന്‍ പഠിക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

എംഎല്‍എക്ക് പറ്റിയ അമളി;  കേന്ദ്രീയവിദ്യാലയം സര്‍ക്കാര്‍ സ്‌കൂളല്ലത്രേ
X

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയത്തില്‍ മകനെ ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതി വെട്ടിലായി കായംകുളം എംഎല്‍എ യു പ്രതിഭ ഹരി. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ പരിഹസിച്ചെഴുതിയ കുറിപ്പാണ് തിരിച്ചടിയായത്.

മെയ് 31ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ തുറന്നിരുന്നു. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന മകന്‍ അച്ഛന്റെ കൂടെ നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിരുന്നു.

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വെച്ചായിരുന്നു പ്രതിഭ ഹരി എംഎല്‍എ ഫേസ്ബുക്ക് കുറിപ്പെഴുതിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റാണിതെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്നുമായിരുന്നു പോസ്റ്റിലെ പ്രതിഭയുടെ വിമര്‍ശനം. എന്നാല്‍, കേന്ദ്രീയ വിദ്യാലയം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണെന്ന് അറിയാതെ എംഎല്‍എ വിമര്‍ശിക്കുകയാണെന്ന് പോസ്റ്റിന് താഴെ കമന്റുകൾ എത്തിയതോടെ എംഎല്‍എ കുറിപ്പില്‍ തിരുത്ത് വരുത്തി.

അതേസമയം എംഎല്‍എയുടെ കുറിപ്പിനെതിരെ മറുപടിയുമായി ബിന്ദു കൃഷ്ണയും രംഗത്തെത്തി. മാസം 200 രൂപ മാത്രം അധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് മകന്‍ പഠിക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പാവാം പ്രതിഭയുടെ പോസ്റ്റെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ മറുപടിയായി കുറിച്ചു.

പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ്:



കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് (ഈ ഫോട്ടോയില്‍ കാണുന്ന മകനോട് സ്‌നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകള്‍). രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോള്‍ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് June 6ന് ആണ്. എന്റെ മകന്‍ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങള്‍ വന്നു. യൂനിഫോം വന്നു. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിദ്യാലയങ്ങള്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.

ഇവിടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ്. ഈ തിരഞ്ഞെടുപ്പ് സമയത്ത് പല ഓണ്‍ലൈന്‍ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാര്‍ത്ഥികള്‍ക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നല്‍കുന്നത് കണ്ടു. തങ്ങള്‍ ആര്‍ക്കാണോ പ്രചരണം നല്‍കാന്‍ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നത് കണ്ടു. എന്നാല്‍ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവര്‍ത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താന്‍ ..

നമ്മുടെ മക്കളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശം. ജനപ്രതിനിധിയായി ജില്ലാ പഞ്ചായത്തില്‍ ഇരിക്കെ നിരന്തരമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ക്യാംപയിന്‍ ചെയ്യുമായിരുന്നു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവര്‍ത്തകരായിരുന്നു രണ്ട് അംഗങ്ങള്‍ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേര്‍ത്തു.

നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കള്‍ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്. ആദര്‍ശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മള്‍ പൊതുപ്രവര്‍ത്തകര്‍. സമൂഹത്തിന്റെ ഭാഗമായി നില്‍ക്കേണ്ടവരാണ് നമ്മള്‍. എന്റെ മകനെ അങ്കണവാടി മുതല്‍ ഈ നിമിഷം വരെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയില്‍ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സര്‍ക്കാര്‍ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണ് എന്ന രീതിയില്‍ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തില്‍ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കാത്ത ,, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലാകും .. മനസ്സിലായാല്‍ മതി..

Next Story

RELATED STORIES

Share it