Kerala

വൈപ്പിന്‍ ഫോക്ക്‌ലോര്‍ ഫെസ്റ്റ് ഡിസംബര്‍ ഒന്നു മുതല്‍

മഹാമാരിമൂലം കടുത്ത അരക്ഷിതാവസ്ഥയിലായ ഫോക്ക് ലോര്‍ കലകളെയും കലാകാരന്‍മാരെയും ടൂറിസത്തെയും സഹായിക്കുക, വൈപ്പിന്‍ മേഖലയെ സംസ്ഥാനത്തെ ഫോക്ക്‌ലോര്‍ ഹബ്ബാക്കി മാറ്റി സാംസ്‌ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കുക എന്നിവയാണ് ഫെസ്റ്റിന്റെ ലക്ഷ്യങ്ങള്‍

വൈപ്പിന്‍ ഫോക്ക്‌ലോര്‍ ഫെസ്റ്റ്  ഡിസംബര്‍ ഒന്നു മുതല്‍
X

കൊച്ചി: വൈപ്പിന്‍ ജനതയുടെ തനത് പ്രാദേശികതയെയും ഫോക്ക്‌ലോറിന്റെ മഴവില്‍ സമാന വര്‍ണാഭ വൈവിധ്യത്തെയും അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന വൈപ്പിന്‍ ഫോക്ക്‌ലോര്‍ ഫെസ്റ്റ് 2021 ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ നടക്കുമെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് മഹാമാരിയുടെ വിഷാദം നീക്കി പ്രത്യാശയുടെ പുതുവര്‍ഷത്തിലേക്കും പുതിയൊരു ഉണര്‍വ്വിലേക്കും നീങ്ങുന്നതിനും പൊതുസമൂഹത്തെ പ്രചോദിപ്പിക്കുക, മഹാമാരിമൂലം കടുത്ത അരക്ഷിതാവസ്ഥയിലായ ഫോക്ക് ലോര്‍ കലകളെയും കലാകാരന്‍മാരെയും ടൂറിസത്തെയും സഹായിക്കുക, വൈപ്പിന്‍ മേഖലയെ സംസ്ഥാനത്തെ ഫോക്ക്‌ലോര്‍ ഹബ്ബാക്കി മാറ്റി സാംസ്‌ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കുക എന്നിവയാണ് ഫെസ്റ്റിന്റെ ലക്ഷ്യങ്ങള്‍.

സാംസ്‌കാരിക, സഹകരണ,ടൂറിസം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെയും ഫോക്ക്‌ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജനകീയ സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ബീച്ചുകള്‍, ഹാളുകള്‍, മൈതാനങ്ങള്‍ എന്നിവടങ്ങളിലായാണ് ഫെസ്റ്റിന് വേദികള്‍ ഒരുക്കുന്നത്. മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും വേദികളുണ്ട്. എംഎല്‍എ ചെയര്‍മാനായ ജനകീയ സംഘാടക സമിതിയില്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ അംഗങ്ങളാണ്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സൂചകമായി ഡിസംബര്‍ ഒന്നുമുതല്‍ പതിനഞ്ചുവരെ വൈപ്പിന്‍കരയില്‍ 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 75 ചുവര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്തുകൊണ്ടാണ് ഫെസ്റ്റിന് തുടക്കം. 50 ചിത്രകാരന്മാര്‍ ഇതില്‍ ഭാഗഭാക്കാകും. വിവിധ കേരളീയ നാടന്‍ കലാരൂപങ്ങള്‍, വ്യത്യസ്ത രുചിമേളങ്ങള്‍ സമന്വയിക്കുന്ന ഭക്ഷ്യമേളകള്‍, ഘോഷയാത്ര, പട്ടംപറത്തല്‍ വര്‍ക്ക്‌ഷോപ്പും മല്‍സരവും, സെമിനാര്‍, മണല്‍ശില്‍പ രചന, ഫോക്ക്‌ലോര്‍ ഫിലിം ഫെസ്റ്റിവല്‍, മറ്റു വിനോദോപാധികള്‍ തുടങ്ങി വിജ്ഞാനാധിഷ്ഠിത ആഘോഷത്തിനാണ് തിരി തെളിയുക. അഞ്ഞൂറില്‍പരം കലാകാരന്‍മാര്‍ ഭാഗഭാക്കാകും.

ഡിസംബര്‍ 31നു അര്‍ധരാത്രി ശബ്ദ രഹിത വര്‍ണ്ണാഭ കരിമരുന്ന് പ്രയോഗത്തോടെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് ഫെസ്റ്റ് സമാപിക്കും. വിവിധ ദിനങ്ങളിലായി മന്ത്രിമാരും സാംസ്‌കാരിക നായകരും ഉള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കൊവിഡ് നിബന്ധനകള്‍ക്കനുസൃതം സാമൂഹിക അകലം പാലിച്ചും പരിസ്ഥിതി സൗഹൃദമായിട്ടുമാണ് ഫെസ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബോണി തോമസ്, ജനറല്‍ കണ്‍വീനര്‍ എ പി പ്രിനില്‍, വക്താവ് സീമ ജി, കണ്‍വീനര്‍ അഡ്വ. വി പി സാബു പങ്കെടുത്തു.

Next Story

RELATED STORIES

Share it