Kerala

തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്;രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍

എല്‍ഡിഎഫ് കൗണ്‍സിലര്‍ എം ജെ ഡിക്‌സണ്‍, യുഡിഎഫ് കൗണ്‍സിലര്‍ സി സി വിജു എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.കൗണ്‍സില്‍ യോഗത്തില്‍ നടന്ന കൂട്ടത്തല്ലില്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റിരുന്നു.

തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്;രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍
X

കൊച്ചി: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെ സംബന്ധിച്ച നടന്ന ചര്‍ച്ചയ്ക്കടിയില്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന കൂട്ടത്തലുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടു കൗണ്‍സിലര്‍ മാര്‍ അറസ്റ്റിലായി. എല്‍ഡിഎഫ് കൗണ്‍സിലര്‍ എം ജെ ഡിക്‌സണ്‍, യുഡിഎഫ് കൗണ്‍സിലര്‍ സി സി വിജു എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

കൗണ്‍സില്‍ യോഗത്തില്‍ നടന്ന കൂട്ടത്തല്ലില്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇവര്‍ കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു.കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തിരുന്നു.

ഇന്നലെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോഴെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളൊക്കെ പരിഹരിച്ച് കൗണ്‍സില്‍ തുടരുന്നതിനിടെ ചെയര്‍പേഴ്‌സന്റെ ക്യാബിനിലെ ഡോര്‍ലോക്ക്, ഗ്ലാസ്സ് അടക്കമുള്ള ഭാഗങ്ങള്‍ അറ്റകുറ്റപണി ചെയ്ത വകയില്‍ 8,000 രൂപയുടെ ബില്ല് അംഗീകരിക്കുന്ന പത്താമത്തെ അജണ്ട പ്രതിപക്ഷം എതിര്‍ത്തു. ഇതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള അടിയിലും ബഹളത്തിലും ഉപരോധത്തിലും കലാശിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണത്തിന് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൈയ്യാങ്കളിയും ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it