Kerala

പകര്‍ച്ചവ്യാധി വ്യാപനം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി

പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്താല്‍ ഉടന്‍ ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി വ്യാപനം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്താല്‍ ഉടന്‍ ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാരോട് സെക്രട്ടേറിയറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, ചെള്ളുപനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ഇനി സ്വീകരിക്കേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. കേരള സര്‍ക്കാരും ലോകാരോഗ്യസംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗ്രാവിഡ് അഡള്‍ട്ട് മോസ്‌കിറ്റോ ട്രാപ്പ് വേദിയില്‍ അവതരിപ്പിച്ചു. പൂച്ചെട്ടി, കിച്ചണ്‍ ബിന്‍, വല, പശ ചേര്‍ത്ത ഷീറ്റ് എന്നിവയാണ് ഇതുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍. വൈക്കോലില്‍നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷന്‍ ഉപയോഗിച്ചാണ് കൊതുകിനെ ആകര്‍ഷിക്കുന്നത്.

200 കൊതുകിനെ വരെ പിടിക്കാന്‍ കഴിയുന്നതാണിത്. കൊതുകുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇതുപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച സ്ഥലങ്ങളില്‍നിന്നും മികച്ച പ്രതികരണമാണുണ്ടാവുന്നത്. എലിപ്പനി ചെറുക്കാന്‍ പ്രളയകാലത്ത് സ്വീകരിച്ച അതേ ജാഗ്രത സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, കെഎംഎസ്‌സിഎല്‍ എംഡി ഡോ. ദിലീപ്, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it