എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സങ്കടയാത്ര പോലിസ് തടഞ്ഞു; പ്രശ്‌നപരിഹാരത്തിന് നീക്കവുമായി സര്‍ക്കാര്‍
സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. എം വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ സങ്കടയാത്ര പോലിസ് തടഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തിയത്. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സങ്കടയാത്ര. ക്ലിഫ് ഹൗസിലേക്കുള്ള വഴിയില്‍ പോലിസ് സമരക്കാരെ തടഞ്ഞു. സര്‍ക്കാര്‍ മനുഷ്യത്വഹിതമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.
അതിനിടെ, സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. എം വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി ചര്‍ച്ച നടത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ പലവിധ പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തില്‍ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്താവനയും വിവാദമായിരുന്നു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. മുമ്പ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്പില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സമരത്തെ പരിഹസിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യമന്ത്രി ഉടന്‍ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം, സാമൂഹികപ്രവര്‍ത്തക ദയാബായി സമരപ്പന്തലില്‍ പട്ടിണി സമരം തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT