Kerala

കോഴിക്കോട് സിവില്‍സ്‌റ്റേഷനില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; ഭിന്നശേഷിക്കാരനും വനിതാ ക്ലര്‍ക്കുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്

അവധിയിലായ അരുണ്‍കുമാര്‍ ഓഫിസിലെത്തി ലീവുള്ള ദിവസങ്ങളിലെല്ലാം ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തതായി ഹെഡ്ക്ലര്‍ക്ക് രജനി പറയുന്നു. തന്നെ അക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഫിറോസിന് മര്‍ദ്ദനമേറ്റതെന്നും രജനി വ്യക്തമാക്കുന്നു.

കോഴിക്കോട് സിവില്‍സ്‌റ്റേഷനില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; ഭിന്നശേഷിക്കാരനും വനിതാ ക്ലര്‍ക്കുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്
X

കോഴിക്കോട്: സിവില്‍ സ്‌റ്റേഷനിലെ പിഡിബ്ല്യുഡി ദേശീയപാത ഉപവിഭാഗത്തില്‍ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഭിന്നശേഷിക്കാരനായ ക്ലാര്‍ക്കിനും വനിതാ ജീവനക്കാരിയുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ നടക്കാവ് പോലിസ് കേസെടുത്തു. കേള്‍വിയില്ലാത്ത ചേവായൂര്‍ ആവിലേരി അമ്പാടിയില്‍ പി എസ് അരുണ്‍കുമാര്‍, ഹെഡ്ക്ലര്‍ക്ക് എ വി രജനി, സീനിയര്‍ ക്ലര്‍ക്ക് പി ഫിറോസ് എന്നിവര്‍ക്കാണ് പരിക്ക്.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുറച്ചുദിവസമായി അവധിയിലായിരുന്ന അരുണ്‍കുമാര്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൈപ്പറ്റാന്‍ ഓഫിസിലെത്തിയപ്പോള്‍ ഫിറോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നെന്നാണ് അരുണ്‍കുമാറിന്റെ പരാതി. ജോലിയില്‍ പ്രവേശിച്ചതുമുതല്‍ നിരന്തരമായ പീഡനങ്ങളാണ് മേലധികാരികളില്‍ നിന്നുണ്ടായതെന്നും കേള്‍വിശക്തിയില്ലാത്ത തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നെന്നുമാണ് അരുണ്‍കുമാര്‍ പരാതിയില്‍ പറയുന്നത്.

അതേസമയം അവധിയിലായ അരുണ്‍കുമാര്‍ ഓഫിസിലെത്തി ലീവുള്ള ദിവസങ്ങളിലെല്ലാം ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തതായി ഹെഡ്ക്ലര്‍ക്ക് രജനി പറയുന്നു. തന്നെ അക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഫിറോസിന് മര്‍ദ്ദനമേറ്റതെന്നും രജനി വ്യക്തമാക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ അരുണ്‍കുമാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സിവില്‍ സ്‌റ്റേഷനിലെ പിഡിബ്ല്യുഡി ദേശീയപാത ഉപവിഭാഗത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്. ഈ കാലയളവിലെല്ലാം അരുണ്‍ നേരിട്ടത് നിരന്തര പീഡനങ്ങളാണെന്ന് അമ്മ സജിത പറയുന്നു. ഇന്നലെ രാവിലെ ട്രാന്‍സ്ഫര്‍ ഓഡര്‍ കൈപ്പറ്റാനാണ് അരുണ്‍ ഓഫിസിലേക്ക് പോയത്. മുണ്ടുടുത്ത് പോയ അരുണിനെ കണ്ടാലറിയാവുന്ന ഒരു സംഘം ജീവനക്കാര്‍ മര്‍ദ്ദിക്കുകയും മുണ്ട് പറിച്ചൂരുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ അരുണിനെ മറ്റ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നും അമ്മ ആരോപിച്ചു. സംഭവത്തില്‍ രജനിയുടെ പരാതിയില്‍ കേസെടുത്തതായി നടക്കാവ് എസ്‌ഐ എസ് ബി കൈലാസ് നാഥ് പറഞ്ഞു. അവര്‍ക്ക് മര്‍ദ്ദനത്തില്‍ നല്ല പരുക്ക് പറ്റിയിട്ടുണ്ട്. ഫിറോസിനും പരിക്കുണ്ട്. അരുണ്‍കുമാറിന്റെ അമ്മയുടെ പരാതി കിട്ടിയിട്ടുണ്ട് ഇന്ന് പരിശോധിച്ചശേഷം കേസെടുക്കുന്നകാര്യം തീരുമാനിക്കുമെന്നും എസ്‌ഐ പറഞ്ഞു.

Next Story

RELATED STORIES

Share it