Kerala

കാട്ടാന ആക്രമണം: ആശ്രിത നിയമന നടപടികള്‍ വേഗത്തിലാക്കും -വനം മന്ത്രി

ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ ബിജു എ എസിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു.

കാട്ടാന ആക്രമണം: ആശ്രിത നിയമന നടപടികള്‍ വേഗത്തിലാക്കും -വനം മന്ത്രി
X

റാന്നി: റാന്നി റെയിഞ്ചിലെ മടന്തമണ്‍ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കവേ കാട്ടാനയുടെ കുത്തേറ്റ് മരിച്ച ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ ബിജു എ എസിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു. ആശ്രിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വഹിച്ച പരേതന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

റാന്നി വനം ഡിവിഷനിലെ രാജാമ്പാറാ ഫോറസ്റ്റ് സ്‌റ്റേഷനില്‍ 2014 മുതല്‍ ഫോറസ്റ്റ് വാച്ചറാണ് ബിജു. കരികുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കുക്കുടുമണ്‍ മടന്തമണ്‍ ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് തിരിച്ച് വിടുന്നതിനിടയില്‍ കാട്ടാനയുടെ കുത്തേറ്റ് മരണപ്പെടുകയായിരുന്നു. ളാഹ വേലന്‍പ്ലാവ് ആഞ്ഞിലിമൂട്ടീല്‍ സോമന്റെയും രാധാമണിയുടെയും മകനായ ബിജു വനസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വകുപ്പിനെ കാര്യമായി സഹായിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഉത്തരവിലൂടെയാണ് ബിജുവിന് ഫോറസ്റ്റ് വാച്ചറായി നിയമനം നല്‍കിയത്.സ്‌റ്റേഷന്‍തല വനസംരക്ഷണത്തിലും ദ്രുതകര്‍മ്മ സേനയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നതായും മന്ത്രി അനുസ്മരിച്ചു. ഭാര്യ അനിലയും പതിമൂന്നും രണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.

Next Story

RELATED STORIES

Share it