Kerala

വൈദ്യുതി ബില്‍: സ്ഥാപനങ്ങള്‍ക്ക് ഇളവ്; എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ

ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാന പൂര്‍ണ്ണവുമായ പ്രദേശമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഇത് പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ക്ക് ഫിക്കി പിന്തുണയും സഹകരണവും അറിയിച്ചു.

വൈദ്യുതി ബില്‍: സ്ഥാപനങ്ങള്‍ക്ക് ഇളവ്;  എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ
X

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അടഞ്ഞ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വലിയ ബില്‍ ഒരുമിച്ച് നല്‍കേണ്ട സ്ഥിതിയിലാണ്. അതിനാല്‍ ഫിക്‌സഡ് ചാര്‍ജ്ജ് ഇളവ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കാന്‍ പരമാവധി സഹായം സംസ്ഥാനം നല്‍കും. ഇതില്‍ പരാതി അറിയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുറക്കും. പുതിയ അവസരങ്ങള്‍ ധാരാളം കൈവരുമെന്ന പ്രതീക്ഷ. ഇത് പരമാവധി പ്രയോജനപ്പെടുത്തി വ്യവസായത്തിലും കൃഷിയിലും വലിയ മുന്നേറ്റം നേടണം.

ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാന പൂര്‍ണ്ണവുമായ പ്രദേശമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഇത് പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ക്ക് ഫിക്കി പിന്തുണയും സഹകരണവും അറിയിച്ചു. വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, കേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിക്കാന്‍ ഏതാനും നിര്‍ദേശങ്ങളും ഫിക്കി ഭാരവാഹികള്‍ മുന്നോട്ടുവെച്ചു. കൊവിഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാമ്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡ്ഡിയും സെക്രട്ടറി ജനറല്‍ ദിലീപ് ഷെണോയിയും അഭിനന്ദിച്ചു.

രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നടപടികള്‍. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനം എടുത്ത നടപടികളെയും അവര്‍ പ്രശംസിച്ചു. ടൂറിസം, അരോഗ്യപരിപാലനം, ആയുര്‍വേദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, ഏയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തര്‍ക്ക് വലിയ ആവശ്യമുണ്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയും. നഴ്സുമാരടക്കമുള്ളവരെ കൂടുതല്‍ വിദേശ ഭാഷകള്‍ പഠിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിരിക്കയാണെന്നും മികച്ച നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട - സൂക്ഷ്മ - ഇടത്തരം വ്യവസായങ്ങള്‍ ഏറ്റവുമധികം സ്ഥാപിതമായത് കഴിഞ്ഞ നാലുവര്‍ഷത്തിനടിയിലാണ്. വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമങ്ങള്‍തന്നെ നിര്‍മിച്ചു. ചട്ടങ്ങള്‍ ലളിതമാക്കി ഏഴുദിവസത്തിനകം വ്യവസായ ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഭാഷാപരവും തൊഴില്‍പരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ഉല്പാദനപരമായ പദ്ധതികള്‍ക്ക് ഉപയോഗിക്കും. അതിനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിക്കിയുടെ മുന്‍പ്രസിഡണ്ട് ഡോ. ജ്യോത്സനസുരി, സിംബിയോസിസ് സര്‍വകലാശാല പ്രൊചാന്‍സലര്‍ ഡോ. വിദ്യ യെരവ്ദെകര്‍, സഞ്ജയ് ഗുപ്ത (ഫിക്കി സ്പോര്‍ട്സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്കെ (ആര്‍.പി.ജി ഗ്രൂപ്പ്), ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അദ്വാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it