Kerala

തിരഞ്ഞെടുപ്പ് ഫലം പതിനൊന്നു മണിയോടെ അറിയാം, വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍; കൗണ്ടിങ് ഇപ്രകാരം

തിരഞ്ഞെടുപ്പ് ഫലം പതിനൊന്നു മണിയോടെ അറിയാം, വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍; കൗണ്ടിങ് ഇപ്രകാരം
X

തിരുവനന്തപുരം: രണ്ടു ഘട്ടമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ കലക്ട്രേറ്റിലാണ് എണ്ണുക.

വരണാധികാരിയുടെ മേശയില്‍ തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ കവര്‍ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വൈകി ലഭിച്ചു എന്ന് രേഖപ്പെടുത്തി എണ്ണാതെ മാറ്റിവെക്കും.

നടപടിക്രമങ്ങള്‍

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് ഓരോ വാര്‍ഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തിക്കും. വാര്‍ഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള്‍ എത്തിക്കുക. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളും ഒരു മേശയില്‍ എണ്ണും. സ്ഥാനാര്‍ഥിയുടെയോ അവര്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും. ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, 2 കൗണ്ടിങ് അസിസ്റ്റന്റുമാര്‍. നഗരസഭകളിലും കോര്‍പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില്‍ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണല്‍, ടാബുലേഷന്‍, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകള്‍. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാന്‍ പഞ്ചായത്തുകളില്‍ വരണാധികാരിക്കു കീഴില്‍ പരമാവധി 8 മേശകളും നഗരസഭകളില്‍ പരമാവധി 16 മേശകളും.

വോട്ടെണ്ണല്‍ രീതി

കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്‍, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും. കൗണ്ടിങ് സൂപ്പര്‍വൈസര്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഡിസ്പ്ലേയില്‍ പച്ച ലൈറ്റ് തെളിയും. റിസല്‍റ്റ് ബട്ടണിനു മുകളിലെ പേപ്പര്‍ സീല്‍ പൊട്ടിക്കും. തുടര്‍ന്നു ബട്ടണ്‍ അമര്‍ത്തും. പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും; നഗരസഭയിലും കോര്‍പറേഷനിലും ഒരു വോട്ടു മാത്രമായതിനാല്‍ ഒറ്റഫലമാണ് പുറത്തു വരിക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് കാണിക്കും. കൗണ്ടിങ് അസിസ്റ്റന്റുമാര്‍ ടാബുലേഷന്‍ ഫോമില്‍ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫോം 24 എയില്‍ രേഖപ്പെടുത്തും. ഇത് അപ്പോള്‍ത്തന്നെ വരണാധികാരിക്കു നല്‍കും.

എല്ലാം തല്‍സമയം

കൗണ്ടിങ് സ്ലിപ്പില്‍കൂടി ഫലം രേഖപ്പെടുത്തി വരണാധികാരി അംഗീകരിക്കുന്നതോടെ ട്രെന്‍ഡ് സോഫ്‌റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. വോട്ടെണ്ണല്‍ പുരോഗതി ട്രെന്‍ഡില്‍ തത്സമയം അറിയാം. ഓരോ വാര്‍ഡിലെയും കൗണ്ടിങ് കഴിയുന്നതനുസരിച്ച് ആ വാര്‍ഡിലെ സ്ഥാനാര്‍ഥികളും ഏജന്റുമാരും പുറത്തുപോകണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനൊപ്പം വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും.




Next Story

RELATED STORIES

Share it