Kerala

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സാധ്യതകളൊരുക്കി കേരളം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന തീമിന് അനുരൂപമായ വിധത്തിലുള്ള കളര്‍ കോമ്പിനേഷനുകളും സാങ്കേതിക മികവുമാണ് കേരള പവലിയന്റെ പ്രധാന ആകര്‍ഷണം.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സാധ്യതകളൊരുക്കി കേരളം
X

ന്യൂഡല്‍ഹി: പ്രഗതി മൈതാനില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന തീമില്‍ നവംബര്‍ 27 വരെ നടക്കുന്ന ഇന്ത്യ ഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയറിന്റെ ഭാഗമായി കേരളം ഒരുക്കിയിട്ടുള്ള പവലിയന്‍ അനന്തസാധ്യതകളാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. കേരളത്തിന്റെ 12 പവലിയനുകളാണുള്ളത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുന്നതിനുള്ള സഹായകമായ പ്രദര്‍ശനമാണ് കേരളത്തിന്റേത്. കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി), കേരള ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, ഇന്റസ്ട്രീസ് ആന്റ് കൊമേഴ്‌സ്, പഞ്ചായത്ത്, കയര്‍ ഡവലപ്‌മെന്റ്, അനിമല്‍ ഹസ്ബന്ററി, ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് എന്നീ വകുപ്പുകളും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്), കുടുംബശ്രീ എന്നീ ഏജന്‍സികളുമാണ് കേരളം കൈവരിച്ച നേട്ടങ്ങളും സംരംഭക സൗഹൃദ നടപടികളും ദൃശ്യവത്ക്കരിച്ചിട്ടുള്ളത്.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍


ഇന്ത്യക്ക് അകത്തും പുറത്തും സ്റ്റാട്ട് അപ് സംരംഭങ്ങള്‍ ഒരുക്കുന്നതിന് സമ്പൂര്‍ണ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ കേരളം സന്നദ്ധമാണ് എന്ന വാഗ്ദാനമാണ് കേരളം നല്‍കുന്നത്. പുതുമയുള്ള ബിസിനസ് ആശയവുമായി കേരളത്തിലെത്തുന്ന ഏതൊരു സംരംഭകനും തുടക്കം മുതല്‍ വിജയകരമായ നടത്തിപ്പ് വരെ മെന്റര്‍ഷിപ്പ്, ഫണ്ടിംഗ്, പേറ്റന്റ് ക്രമീകരണം, സാങ്കേതിക സഹായം തുടങ്ങി എല്ലാ രംഗത്തും കാര്യക്ഷമമായ സഹകരണം നല്‍കാന്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന് കഴിയും. തിരുവനന്തപുരത്തിന് പുറമെ വിവിധ ജില്ലകളിലും ഇന്‍കുബേറ്ററുകളുമായി പുതുസംരംഭകര്‍ക്ക് ദിശാബോധവും സഹകരണവും സാമ്പത്തിക പിന്തുണയും നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ കേരളത്തിന് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 2019 ലെ സ്റ്റാര്‍ട്ട് അപ്പുകളിലെ ഏറ്റവും മികച്ച ബിസിനസ് ആക്‌സലേറ്റര്‍ ആഗോള പുരസ്‌കാരം നേടിയ കേരള സ്റ്റാര്‍ട്ട് അപ് മിഷനെ മാതൃകാ മിഷനായി അവതരിപ്പിക്കുകയാണ് കേരളം ചെയ്യുന്നത്. 2018 ലെ മികച്ച സ്റ്റാര്‍ട്ട് അപ്പ് മിഷനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവും കേരളം നേടിയിട്ടുണ്ട്.

എല്ലാ വീടുകളിലും ഇന്റര്‍നെറ്റ്



ഇന്ത്യയില്‍ ആദ്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഘലകള്‍ സ്ഥാപിച്ച് 2020 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും ഓഫീസുകളിലും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ഫോണ്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 1548 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുന്നത്. 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാക്കും. സൗജന്യസേവനത്തിന് അര്‍ഹരല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

കെ സ്വിഫ്റ്റ്

സംസ്ഥാനത്ത് സുഗമ സംരഭകത്വം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ ഏകജാലക സംവിധാനമാണ് കെ സ്വിഫ്റ്റ്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 700 ലേറെ സംരംഭകര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തീം അടിസ്ഥാനമാക്കിയുള്ള സ്റ്റാളുകള്‍

പൊതുവെ പവലിയന്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന കേരളം ഇക്കുറിയും തീമിന് പ്രാധാന്യം നല്‍കുന്നതില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന തീമിന് അനുരൂപമായ വിധത്തിലുള്ള കളര്‍ കോമ്പിനേഷനുകളും സാങ്കേതിക മികവുമാണ് കേരള പവലിയന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകളിലൂടെ സംരംഭകത്വം സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. സുഗമ സംരംഭകത്വത്തിലൂടെയുള്ള വനിതാശാക്തീകരണമാണ് കേരളം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ആശയം. ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുടുംബശ്രീയുടെ സാദ്ധ്യതകള്‍ വിശദീകരിച്ചിട്ടുള്ളത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേരള പവലിയന്‍. സംരംഭകര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത അടിസ്ഥാന സൗകര്യങ്ങളും സഹായവും നല്‍കി പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സാന്നിധ്യം ആകര്‍ഷകമായി ചിത്രീകരിച്ചിട്ടുള്ള സെല്‍ഫി പോയന്റ് പവലിയനിലുണ്ട്. ആര്‍ട്ടിസ്റ്റ് സി.ബി. ജിനന്‍ ബാലരാമപുരമാണ് കേരള പവലിയന്‍ ഒരുക്കിയത്.

കേരള ദിനം 24ന്

കേരള പവലിയന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പരിപാടി ഈ മാസം 24 ന് മേളയില്‍ അരങ്ങേറും. കേരളത്തിന്റെ മണ്‍പാട്ടുകളാണ് ഇക്കുറി അവതരിപ്പിക്കുക. പ്രമുഖ ഫോക്‌ലോര്‍ കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള 16 അംഗ കലാസംഘമാണ് മണ്‍പാട്ടുകളും നാടന്‍ കലാരൂപങ്ങളും അവതരിപ്പിക്കുക. ഉച്ചകഴിഞ്ഞ് 2.30ന് ഹംസധ്വനി തിയറ്ററിലാണ് കലാപരിപാടികള്‍ അരങ്ങേറുക.

Next Story

RELATED STORIES

Share it