Kerala

എട്ട് മാസത്തോളമായി കുടിവെള്ളം മുടങ്ങി; റോഡ് ഉപരോധിച്ച് നാട്ടുകാർ

ചാലിയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കിളികല്ലിൽ ടാങ്ക് സ്ഥാപിച്ചാണ് ജലസേചന വകുപ്പ് വെള്ളം വിതരണം ചെയ്തിരുന്നത്. റോഡ് പണി ആരംഭിച്ചതോടെ വെള്ള വിതരണം മുടങ്ങി.

എട്ട് മാസത്തോളമായി കുടിവെള്ളം മുടങ്ങി; റോഡ് ഉപരോധിച്ച് നാട്ടുകാർ
X

അരീക്കോട്: എട്ട് മാസത്തോളമായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് അരീക്കോട് മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. റോഡ് നിർമാണം കാരണം ജലസേചന വകുപ്പിൻ്റെ ജലവിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ അരീക്കോട്, കാവനൂർ പഞ്ചായത്തിലെ എണ്ണായിരത്തിലേറെ കുടുംബങ്ങളാണ് ദുരിതത്തിലായത്.

വേനൽ കനത്തതോടെ കുടിവെള്ള പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ പരാതിയുമായി ജലസേചന വകുപ്പ്, പഞ്ചായത്ത്, ജില്ല കലക്ടർ, റോഡ് പ്രവർത്തി നടത്തുന്ന കരാർ കമ്പനി എന്നിവരോട് പരാതിപെട്ടിട്ടും പരിഹാരമായില്ല. പഞ്ചായത്തിലേക്ക് പരാതി തുടർച്ചയായി എത്തിയതോടെയാണ് അരീക്കോട്, കാവനൂർ പഞ്ചായത്ത് പ്രസിഡൻ്റുമാർ സമരവുമായി രംഗത്ത് എത്തിയത്. സൗത്ത് പുത്തലത്ത് നടന്ന ഉപരോധത്തിൽ നൂറിലേറെ സ്ത്രീകളടക്കം പങ്കെടുത്തു.

ചാലിയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കിളികല്ലിൽ ടാങ്ക് സ്ഥാപിച്ചാണ് ജലസേചന വകുപ്പ് വെള്ളം വിതരണം ചെയ്തിരുന്നത്. റോഡ് പണി ആരംഭിച്ചതോടെ വെള്ള വിതരണം മുടങ്ങി. റോഡ് പ്രവർത്തിയിൽ പൈപ്പുകൾ തകർന്നതോടെ പുനസ്ഥാപിക്കാൻ ജലസേചന വകുപ്പോ റോഡ് പ്രവർത്തി നിർമാണ ചുമതലയുള്ള ശ്രീ ധന്യ കമ്പനിയോ തയ്യാറാകുന്നില്ല. കെഎസ്ഡിപിക്കാണ് റോഡിൻ്റെ മേൽനോട്ട ചുമതല. പല തവണ ഗ്രാമ പഞ്ചായത്തും നാട്ടുകാരും വിവിധ സംഘടനകളും മൂന്ന് വിഭാഗത്തെയും സമീപിച്ചെങ്കിലും എല്ലാവരും കൈ ഒഴിഞ്ഞതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്.

നിലവിൽ പതിനായിരം കണക്ഷനുകളാണ് ഇരു പഞ്ചായത്തിലുമുള്ളത്. വെള്ളം മുടങ്ങുന്നുണ്ടെങ്കിലും ബില്ല് മുടക്കമില്ലാതെ വരുന്നതായി സ്ത്രീകൾ പരാതി പറഞ്ഞു. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ പരിഹാരത്തിന്നായി എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടങ്കിലും അടുത്ത ദിവസം തന്നെ നന്നാക്കുമെന്ന മറുപടിയാണ് ലഭിച്ചത്. വെള്ളം എത്തിക്കാനായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും അത്തരം പ്രവർത്തികൾ ഇവിടെ നടത്തിയിട്ടില്ല.

എന്നാൽ കുടിവെള്ള പ്രശനം ആര് തീർക്കണമെന്ന അധികാര പ്രശ്നവും ഇവിടെ തുടരുന്നുണ്ട്. റോഡ് നിർമാണം 90 ശതമാനവും പൂർത്തിയാട്ടുണ്ട്. സമരത്തിന് അരീക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടി കെ ടി അബ്ദു ഹാജി, കാവനുർ പഞ്ചായത്ത് പ്രസിഡൻറ് പി വി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. അര മണിക്കൂർ നേരം അരീക്കോട് മഞ്ചേരി റോഡ് പ്രതിഷേധ വേദിയായി, പിന്നീട് അരീക്കോട് പോലിസ് എത്തിയാണ് സമരക്കാരെ നീക്കം ചെയ്തത്.

Next Story

RELATED STORIES

Share it