Kerala

'മകനെ കൊന്നവരെ കാണേണ്ട'; ആരോപണവിധേയരായവര്‍ എല്ലാം പ്രതികള്‍; നിതിന്റെ അച്ഛന്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍

മകനെ കൊന്നവരെ കാണേണ്ട;   ആരോപണവിധേയരായവര്‍ എല്ലാം പ്രതികള്‍; നിതിന്റെ അച്ഛന്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍
X

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് മരിച്ചതിന് പിന്നാലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജലെത്തി കുടുംബം. നെഞ്ചുപൊട്ടിക്കരഞ്ഞ് കൊണ്ടാണ് അച്ഛന്‍ രാജന്‍ കോളേജ് ക്യാംപസിലൂടെ നടന്നത്. ആരോപണവിധേയരായവര്‍ എല്ലാം പ്രതികളാണ് എന്നും എന്റെ മോനെ കൊന്നവരെ കണ്ടാല്‍ കുത്തിക്കൊല്ലുമെന്നും രാജന്‍ വികാരാധീനയായി പ്രതികരിച്ചു.

നിതിന്‍ രാജിന്റെ മരണത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പോലിസ് സ്വമേധയാ എടുത്ത ലോണ്‍ ആപ്പിന്റെ കേസില്‍ ആണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ഇനി ഒരു കുട്ടിക്കും ഇത്തരം ദുരന്തത്തിന് ഇട ആവരുത്. മാതൃകപരമായ ശിക്ഷ ഉണ്ടാകണം. ആക്ഷന്‍ കൗണ്‍സിലിന് നിതിന്‍ രാജിന്റെ കുടുംബം പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിക്കുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമം.

നാലാം നിലയില്‍ നിന്ന് വീണു എന്നാണ് പറയുന്നത്. എന്നാല്‍ വീണ സ്ഥലത്ത് രക്തമില്ല. ശരീരത്തില്‍ പൊട്ടലുകള്‍ ഇല്ല. കോളേജ് അധികൃതര്‍ മരണത്തില്‍ കള്ളം പറയുകയാണ്. നിതിന്റേത് കൃത്യമായി കൊലപാതകമാണ്. നിതിന് മര്‍ദനമേറ്റതായുള്ള വിവരങ്ങള്‍ ഉണ്ട്. പ്രാഥമികമായി കൊലപാതകമെന്ന് സംശയിക്കാന്‍ സാധ്യത ഉണ്ടായിട്ടും, എന്ത് കൊണ്ട് അസ്വഭാവിക മരണത്തിന് മാത്രമായി കേസെടുത്തു എന്നും ആക്ഷന്‍ കൗണ്‍സില്‍ ചോദ്യമുന്നയിച്ചു.

ലത അടക്കമുള്ള അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിന്റെ സഹോദരീ ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിചാരണ നടന്നുവെന്നും, അതിന്റെ ഭാഗമായാണ് നിതിന്‍ ജീവനൊടുക്കിയതെന്നും അശോകന്‍ പറഞ്ഞു.

ലോണ്‍ ആപ്പിന്റെ പേരില്‍ നിതിനെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിതിനെ വലിയ തോതില്‍ മാനസികമായി പീഡിപ്പിച്ചു. ഡോ. റാമിനും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. ജാതി അധിക്ഷേപം എന്ന ആരോപണം ഒഴിവാക്കാന്‍ ആണ് ശ്രമം നടക്കുന്നത് എന്നും സഹോദരീ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.






Next Story

RELATED STORIES

Share it