Kerala

വിവരാവകാശ അപേക്ഷ: സര്‍ക്കാര്‍ അമിതഫീസ് ഈടാക്കരുത്

വിവരാവകാശ നിയമം അനുശാസിക്കുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇക്കാര്യം കേന്ദ്ര വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്.

വിവരാവകാശ അപേക്ഷ: സര്‍ക്കാര്‍ അമിതഫീസ് ഈടാക്കരുത്
X

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ വകുപ്പ് പ്രകാരം ലഭിക്കേണ്ട മറുപടിക്ക് ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരേയും വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ തെരച്ചില്‍ഫീസ് ഉള്‍പ്പെടെ വകുപ്പുകളും സര്‍ക്കാരും നിശ്ചയിക്കുന്ന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.കെ എല്‍ വിവേകാനന്ദന്‍ നിര്‍ദേശിച്ചത്. കണ്ണൂരിലെ പരാതികള്‍ പരിശോധിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം അനുശാസിക്കുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇക്കാര്യം കേന്ദ്ര വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. രേഖകള്‍ ആവശ്യപ്പെട്ടാല്‍ എ ഫോര്‍ കോപ്പിക്ക് പരമാവധി രണ്ടു രൂപയും എ ത്രീക്ക് അഞ്ച് രൂപയും മാത്രമേ ഈടാക്കാവൂ. ഇക്കാര്യം സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഫുള്‍ കമ്മിഷന്‍ തീരുമാനിച്ച് പൊതുഭരണ വകുപ്പിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചതാണ്. വടകര താലൂക്ക് ഓഫീസില്‍ സര്‍വേ സ്‌കെച്ചിന്റെ കോപ്പി ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ കോപ്പിക്ക് 531 രൂപ അടക്കണമെന്ന മറുപടി സംബന്ധിച്ച പരാതിയിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ എല്ലാ നഗരസഭാ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരെയും കമ്മിഷന്‍ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എല്ലാ കോര്‍പ്പറേഷനുകളിലും എഞ്ചിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷകളില്‍ കൃത്യമായി മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെരച്ചില്‍ നടത്തിയിട്ടും വിവരം ലഭ്യമല്ലെന്ന സ്ഥിരം മറുപടിയാണ് എല്ലായിടത്തുനിന്നും നല്‍കുന്നത്. ഈ മറുപടി പോലും യഥാസമയം നല്‍കുന്നില്ല. പല ഗ്രാമ പഞ്ചായത്തുകളെ സംബന്ധിച്ചും ഇത്തരത്തിലുള്ള പരാതിയുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ 84 കാരനായ റിട്ട. കേണല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ അദ്ദേഹത്തോട് ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it