Kerala

വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോല്‍സാഹിപ്പിക്കരുത്: മന്ത്രി എ കെ ബാലന്‍

രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ അനുവദിക്കില്ല.

വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോല്‍സാഹിപ്പിക്കരുത്: മന്ത്രി എ കെ ബാലന്‍
X

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോല്‍സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീകരിക്കരുതെന്ന് മന്ത്രി എ കെ ബാലന്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകനയോഗത്തിനുശേഷം ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയോടൊപ്പം പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊവിഡ് രോഗവ്യാപനം തടയാനായി നടത്തുന്ന കഠിനശ്രമങ്ങള്‍ മനസ്സിലാക്കണം.

രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ അനുവദിക്കില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി മുഖേനയെത്തുന്നവരെ മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശേഷം മാത്രമേ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ കഴിയൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ പാസ് അനുവദിക്കാനാവൂ. കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട് രാജ്യത്ത് തന്നെ സമൂഹവ്യാപനത്തില്‍ നാലാം സ്ഥാനത്താണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്.

റെഡ്‌സോണ്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍നിന്ന് വരുന്നവരെ നിരീക്ഷണം ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങളൊരുക്കിയതിനുശേഷം മാത്രമേ പാസ് അനുവദിക്കാനാകൂ. ഇത്തരം പരിമിതി മനസ്സിലാക്കി രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളെ അലങ്കോലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തിനു മുഴുവന്‍ മാതൃകയായി കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കാനും സഹകരിക്കാനും എല്ലാവര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡി ബാലമുരളി, ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, എഡിഎം ടി വിജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it